ഇറാന്‍ വിമാനാപകടത്തില്‍ എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

ടെഹ്‌റാന്‍: ഇറാനില്‍ പറന്നുയര്ന്ന് മിനിറ്റുകള്ക്കകം തകര്ന്നു വീണ യുക്രേനിയന് വിമാനത്തിലെ എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ടെഹ്‌റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനത്തില്‍ 170 യാത്രക്കാര്‍ ഉണ്ടായിരുന്നു.
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് വിമാനാപകടത്തിന്റെ വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് വിവരം.
നാല് വര്‍ഷം മാത്രം പഴക്കമുള്ള ബോയിംഗ് 737-800 വിമാനമാണ് തകര്‍ന്നത്. ഇറാനുമായി സംഘര്‍ഷം തുടരുന്നതിനാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ വിലക്കിയിരിക്കുകയാണ്.