അഭയാര്‍ത്ഥി പ്രശ്‌നത്തെ ലൈംഗികവല്‍ക്കരിച്ച് ആംനസ്റ്റി മാസികയുടെ കവര്‍; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

ലൈഫ് ജാക്കറ്റിനെ ഗ്ലാമറസാക്കി ആംനസ്റ്റി ഇന്റര്നാഷണലിന്റെ മാസിക. ഗ്ലാമോറിയ എന്ന പേരില് പുറത്തിറക്കുന്ന ഡച്ച് മാസികയിലാണ് ലൈഫ് ജാക്കറ്റ് ഗ്ലാമറസായി ധരിച്ചിരിക്കുന്ന മോഡലിന്റെ ചിത്രം കവറായി പ്രസിദ്ധീകരിച്ചത്. മിഡില് ഈസ്റ്റിലെ അഭയാര്ത്ഥി പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഗ്ലാമര് ചിത്രം പ്രസിദ്ധീകരിച്ചതെന്നാണ് ആംനസ്റ്റി അവകാശപ്പെട്ടതെങ്കിലും കവര് വലിയ തോതില് വിമര്ശനത്തിന് വിധേയമായി. ഇതോടെ കവര് പിന്വലിച്ച് ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആംനസ്റ്റി.
ലൈഫ് ജാക്കറ്റുകള്‍ക്ക് മേല്‍ കിടക്കുന്ന ലൈഫ് ജാക്കറ്റ് മാത്രം ധരിച്ചിരിക്കുന്ന മോഡലിന്റെ ചിത്രമായിരുന്നു മാസികയുടെ പുറംചട്ടയിലുണ്ടായിരുന്നത്. ഗ്രീക്ക് ദ്വീപുകളിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചതെന്ന് ട്വീറ്റില്‍ ആംനസ്റ്റി വിശദീകരിക്കുന്നു. എന്നാല്‍ അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതം പോലെ ദയനീയമായ ഒന്നിനെ ലൈംഗികവല്‍ക്കരിക്കുകയാണ് ഈ കവര്‍ എന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.
കവര്‍ ചിത്രം ആരെയങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നുവെന്നും ചിത്രം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും ആംനസ്റ്റി ട്വീറ്റ് ചെയ്തു. ഈ ചിത്രം ഗ്രീക്ക് ദ്വീപുകളില്‍ കുടുങ്ങിയിരിക്കുന്ന അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനുള്ള തങ്ങളുടെ ഉദ്യമങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതായി തോന്നുന്നുവെങ്കില്‍ അക്കാര്യത്തിലും ദുഃഖമുണ്ടെന്ന് ട്വീറ്റില്‍ ആംനസ്റ്റി വ്യക്തമാക്കി.
മാസികയുടെ കവര്‍ ചിത്രവും പിന്‍വലിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക ജെനാന്‍ മൂസയാണ് ഈ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. അഭയം തേടിയുള്ള യാത്രയില്‍ മെഡിറ്ററേനിയന്‍ കടലില്‍ ആയിരങ്ങള്‍ മരിക്കുമ്പോളാണ് ആംനസ്റ്റി അതിനെ ലൈംഗികവല്‍ക്കരിക്കുന്നതെന്നായിരുന്നു ജെനാന്‍ ഉന്നയിച്ച വിമര്‍ശനം.
Tasteless this. @amnestyNL makes online glossy about refugees & puts on cover a sensual model, half naked and draped in life jackets in order “to reach a broader audience”.
With thousands dead in the Mediterranean, its very disrespectful to sexualize the tragedy of refugees. pic.twitter.com/vEoENeeyTl
— Jenan Moussa (@jenanmoussa) December 17, 2018
മാസികകളില്‍ ചിത്രീകരിക്കുന്ന ആഡംബര ജീവിതവും അഭയാര്‍ത്ഥി ക്യാംപുകളിലെ ദൈന്യവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതിനായാണ് ഒരു മാസിക ആംനസ്റ്റി ആരംഭിച്ചത്. ഇതിന്റെ കടുത്ത വിമര്‍ശകയാണ് ജെനാന്‍ മൂസ.