നീരവ് മോഡിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് നീരവിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 25ന് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. മോഡിയെ രാജ്യത്ത് തിരികെയെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ശക്തമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് അറസ്റ്റ് വാറന്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടതിയില്‍ നിന്ന് നീരവ് മോഡിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ എന്‍ഫോഴ്സ്മെന്റിന് അനുവാദം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പ്രതികൂലമായ വിധിയുണ്ടായാല്‍ നീരവ് മോഡിക്ക് അപ്പീല്‍ പോകാന്‍ സാധിക്കും. അപ്പീല്‍ അറസ്റ്റ് വീണ്ടും വൈകിപ്പിക്കാന്‍ കാരണമാകുമെന്നാണ് സൂചന. യു.കെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദുമായി എന്‍ഫോഴ്സ്മെന്റ് ധാരണപത്രം ഒപ്പുവെച്ചതായിട്ടാണ് സൂചന. അങ്ങനെയാണെങ്കില്‍ നീരവിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും. സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ഉണ്ടായതോടെ ഇരുവരും രാജ്യം വിട്ടു. യു.കെയില്‍ രാഷ്ട്രീയ അഭയം തേടാനുള്ള ശ്രമങ്ങള്‍ നീരവ് നടത്തുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം.