ഇറാനിലേക്കും ഇറാഖിലേക്കും പൗരന്മാര്‍ യാത്ര ചെയ്യുന്നത് നിരോധിച്ച് ബഹ്‌റൈന്‍

മനാമ: അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധസമാന സാഹചര്യം തുടരുന്നു. ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക കൂടുതല്‍ സൈനിക വ്യൂഹങ്ങളെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇറാനിലേക്കും ഇറാഖിലേക്കും പൗരന്മാര്‍ യാത്ര ചെയ്യുന്നത് ബഹ്‌റൈന്‍ നിരോധിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയെന്ന് വാര്ത്താ എജന്സി റിപ്പോര്ട്ട് ചെയ്തു.
നേരത്തെ അമേരിക്കയും ഇരു രാജ്യങ്ങളിലുമുള്ള തങ്ങളുടെ പൗരന്മാരെ തിരികെ വിളിച്ചിരുന്നു. അത്യാവശ്യമായി ജോലിയില്‍ കഴിയുന്നവരെ ഒഴികെ എല്ലാവരും രാജ്യത്തേക്ക് മടങ്ങിവരണമെന്നാണ് അമേരിക്ക നല്‍കിയിട്ടുള്ള നിര്‍ദേശം. ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും അമേരിക്ക അയച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് ഔദ്യോഗിക സ്ഥീരികരണം ഉണ്ടായിട്ടില്ല.
ഇറാനെതിരെ അമേരിക്ക സൈനിക നീക്കം നടത്താനുള്ള അവസാന തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ എബ്രഹാം ലിങ്കണ്‍ പടക്കപ്പല്‍ അമേരിക്ക ഇറാന് സമീപം വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെ ബി 52 ബോംബര്‍ വിമാനങ്ങളും അമേരിക്ക ഗള്‍ഫിലേക്ക് അയച്ചിരുന്നു. ഖത്തറിലെ അല്‍ ഉബൈദ് വ്യോമ താവളത്തില്‍ ബോംബര്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.