വിമാനത്തിന്റെ ലാന്ഡിംഗ് ഗിയര് അറയില് ഒളിച്ചിരുന്ന് യാത്ര ചെയ്തയാള് ലാന്‍ഡിംഗിനിടെ വീണു മരിച്ചു
ലണ്ടന്‍: വിമാനത്തിന്റെ ലാന്ഡിംഗ് ഗിയര്‍ (ചക്രങ്ങള്‍) അറയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്തയാള് ലാന്ഡിംഗിനിടെ താഴെ വീണു മരിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന് അടുത്താണ് സംഭവം. ലണ്ടനിലേക്ക് എത്തിയ കെനിയന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നിന്നാണ് അനധികൃതമായി യാത്ര ചെയ്തയാള്‍ വീണ് മരിച്ചത്. വിമാനത്താവളത്തിന് അരികിലുള്ള വീടിന്റെ ഗാര്‍ഡനിലേക്കാണ് ഇയാള്‍ വീണത്. 4250 മൈല്‍ ദൂരമാണ് ഈ വിമാനം പറന്നത്. അതിനാല്‍ ഇയാള്‍ നേരത്തേ തന്നെ മരിച്ചിരിക്കാമെന്നാണ് കരുതുന്നത്.
സൗത്ത് ലണ്ടനിലെ ക്ലാപ്പാമിലെ വീട്ടിലെ ഗാര്‍ഡനില്‍ വീട്ടുടമ സണ്‍ ബാത്ത് നടത്തുമ്പോളായിരുന്നു സംഭവം. ആകാശത്തു നിന്ന് മൃതദേഹം വീഴുന്നതു കണ്ട് ഇയാള്‍ ഭയന്നു. പിന്നീട് പോലീസ് എത്തിയാണ് വിമാനത്തില്‍ നിന്നാണ് മൃതദേഹം വീണതെന്ന് സ്ഥിരീകരിച്ചത്. ബോയിംഗ് 787 വിമാനത്തിന്റെ ലാന്ഡിംഗ് ഗിയര്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു ഇയാള്‍ കയറിയിരുന്നത്. യുകെയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് കരുതുന്നത്. 3500 അടി ഉയരത്തില് നിന്നാണ് ഇയാള് വീണത്.
ഗിയര്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ചെറിയ ബാഗും വെള്ളവും ഭക്ഷണവും കണ്ടെത്തി. ഹീത്രൂ വിമാനത്താവളത്തിനു സമീപം ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.