യു.കെ രാഷ്ട്രീയ പ്രതിസന്ധി; തെരേസ മേയ്ക്ക് പകരക്കാരനാകാന്‍ ബോറിസ് ജോണ്‍സണ്‍?

ലണ്ടന്‍: ബ്രിട്ടനില്‍ ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രധാനമന്ത്രി തെരേസ മേയ് സ്ഥാനമൊഴിഞ്ഞാല്‍ ആരാവും പിന്‍ഗാമിയെന്നതാണ് അന്താരാഷ്ട്ര തലത്തിലെ പ്രധാന ചര്‍ച്ച. നിലവില്‍ സാജിദ് ജാവിദ്, ബോറിസ് ജോണ്‍സണ്‍ തുടങ്ങി 15 ഓളം നേതാക്കളെയാണ് നേതൃനിരയിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ആരാവും അടുത്ത പ്രധാനമന്ത്രിയെന്ന് കണ്‍സര്‍വേറ്റീവ് നേതൃത്വം യാതൊരു സൂചനകളും നല്‍കിയിട്ടില്ല. അതേസമയം കണ്‍സര്‍വേറ്റീവിലെ ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിവുള്ള നേതാവ് ബോറിസ് ജോണ്‍സനാണ്. ഈ സാധ്യത ഉപയോഗിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹം എത്തുമെന്നാണ് അഭ്യൂഹങ്ങള്‍.
ബോറിസ് ജോണ്‍സണ് അന്താരാഷ്ട്ര തലത്തിലും പിന്തുണയുണ്ട്. 1989 മുതല്‍ 1994 വരെ ദ ടെലിഗ്രാഫിന്റെ ബ്രസല്‍സ് ലേഖകനായിരുന്ന ജോണ്‍സണ്‍ വലിയ ജനകീയ പിന്തുണ അവകാശപ്പെടാന്‍ കഴിയുന്ന നേതാവ് കൂടിയാണ്. 2012 ലെ ഏറ്റവും ജനകീയനായ എംപിയായിരുന്ന അദ്ദേഹം 2016 വരെ ലണ്ടന്‍ മേയര്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. മേയ്‌ക്കെതിരെ ജോണ്‍സമ് കരുനീക്കങ്ങള്‍ നടത്തുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജി സമ്മര്‍ദ്ദത്തിനും പിന്നിലും ജോണ്‍സണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് പദവിയില് നിന്ന് നാണംകെട്ട് പുറത്തു പോകുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി മേയ് തുടര്‍ന്നേക്കും. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ബ്രെക്സിറ്റ് ഹിതപരിശധനാഫലത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും കരാറുണ്ടാക്കാന്‍ പറ്റാത്തതില്‍ ദു:ഖമുണ്ടെന്നും മേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.