ബോറിസ് ജോണ്‍സണ്‍ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി; ബുധനാഴ്ച ചുമതലയേല്‍ക്കും

തെരേസ മേയുടെ പിന്ഗാമിയായി കണ്സര്വേറ്റീവ് പാര്ട്ടി നേതാവ് ബോറിസ് ജോണ്സണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്.
 | 
ബോറിസ് ജോണ്‍സണ്‍ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി; ബുധനാഴ്ച ചുമതലയേല്‍ക്കും

ലണ്ടന്‍: തെരേസ മേയുടെ പിന്‍ഗാമിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ 66 ശതമാനം വോട്ട് നേടിയാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ലണ്ടന്‍ നഗരത്തിന്റെ മുന്‍ മേയറായിരുന്നു. ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് ആയിരുന്നു നേതൃത്വ മത്സരത്തില്‍ ബോറിസ് ജോണ്‍സന്റെ എതിരാളി.

യൂറോപ്യന്‍ യൂണിയനുമായി ഉപാധികളൊന്നുമില്ലാതെ ബ്രെക്‌സിറ്റ് നടത്തണമെന്ന അഭിപ്രായക്കാരനായ ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലിയാണ് ജോണ്‍സണ്‍. ബ്രെക്‌സിറ്റില്‍ തെരേസ മേയ് കൊണ്ടുവന്ന കരാറിനെതിരെ ആദ്യം കലാപമുയര്‍ത്തുകയും മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും ചെയ്ത നേതാവ് കൂടിയാണ് ഇദ്ദേഹം. ഇതേത്തുടര്‍ന്നാണ് മേയ്‌ക്കെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ കലാപം രൂക്ഷമായതും ഒടുവില്‍ അവര്‍ക്ക് രാജിവെക്കേണ്ടതായി വന്നതും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ കടുത്ത വലതുപക്ഷക്കാരുടെ പ്രതിനിധിയാണ് ജോണ്‍സണ്‍. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി എതിരാളിയായ ജെറമി ഹണ്ട് തന്നെയാണ് നേരിട്ട് പ്രകടിപ്പിച്ചത്. ജോണ്‍സണ്‍ അധികാരത്തില്‍ എത്തിയാല്‍ താന്‍ രാജിവെക്കുമെന്ന് ഹണ്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മൂന്ന് വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് തെരേസ മേയ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുന്നത്.