ചരിത്രം തിരുത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; ബിഷപ്പായി കറുത്ത വര്‍ഗക്കാരിക്ക് നിയമനം

ലണ്ടന്‍: നൂറ്റാണ്ടുകളുടെ ചരിത്രം തിരുത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. കറുത്ത വര്‍ഗക്കാരിയെ സഭാ ബിഷപ്പായി നിയമിച്ചുകൊണ്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ചരിത്രം തിരുത്തിയെഴുതിയത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യത്തെ കറുത്ത വര്ഗക്കാരിയ ബിഷപ്പ് കൂടിയാണ് റവ. ഡോ. റോസ് ഹഡ്സണ് വില്‍കി. പുതിയ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളും രംഗത്ത് വന്നിട്ടുണ്ട്. ഡോവറിലെ ബിഷപ്പ് സ്ഥാനമായിരിക്കും റവ. ഡോ. റോസ് ഹഡ്സണ്‍ വില്‍കിക്ക് ലഭിക്കുക.
എല്ലാത്തരത്തിലുള്ള ജീവിതങ്ങളിലെയും പ്രതീക്ഷയും നീതിബോധവും നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് സ്ഥാനമേറ്റടുത്തുകൊണ്ട് റവ. ഡോ. റോസ് ഹഡ്സണ് വില്‍കി പ്രതികരിച്ചു. ബ്രിട്ടനിലെ രാജകുടുംബത്തിന്റെ പുരോഹിത കൂടിയാണ് റവ. റോസ് ഹഡ്സണ് വില്‍കി. നേരത്തെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിലിന്റെയും രാജകീയ വിവാഹത്തിന് മുഖ്യകാര്‍മ്മികത്വം നിര്‍വ്വഹിച്ചതും ഹഡ്സണ്‍ വില്‍കിയായിരുന്നു. ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന വംശീയ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഇത്തരം നിയമനങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വാസികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഏഷ്യന്‍, കറുത്ത വര്‍ഗക്കാര്‍ സാധാരണയായി ഇത്തരം പദവികള്‍ അലങ്കരിക്കുന്ന പതിവ് ഇംഗ്ലണ്ടിലില്ല. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരുമെല്ലാം രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും വംശീയവാദികളായ വെളുത്തവര്‍ഗ്ഗക്കാരില്‍ നിന്ന് കുടിയേറ്റ ജനത ഇപ്പോഴും വംശീയാതിക്രമങ്ങള്‍ നേരിടുന്നുണ്ട്. ഹഡ്സണ്‍ വില്‍കിന്റെ ബിഷപ്പ് നിയമനം കൊണ്ട് മാത്രം ഇവയ്ക്ക് പരിഹാരമാകില്ലെന്നും ഇനിയും സഭ ഏറെ മുന്നോട്ട് പോകാനുണ്ടെന്നും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.