ബ്രിട്ടനില്‍ നഴ്‌സുമാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ഏഴ് വര്‍ഷത്തിനിടയില്‍ സ്വയം ജിവനെടുത്തത് 300 പേര്‍

അമിത ജോലിഭാരം മാനസിക പ്രശ്നങ്ങള്ക്ക് കാരണമാകുന്നുവെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില് കണ്ടെത്തിയിരുന്നു.
 | 
ബ്രിട്ടനില്‍ നഴ്‌സുമാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ഏഴ് വര്‍ഷത്തിനിടയില്‍ സ്വയം ജിവനെടുത്തത് 300 പേര്‍

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2017ല്‍ മാത്രം 32 നഴ്സുമാരാണ് യു.കെയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ജീവനൊടുക്കിയിരിക്കുന്നത് 2016ലാണ്. ഇരുപതിനും 64 നും ഇടയില്‍ പ്രായമുള്ള 51 നഴ്സുമാരാണ് 2016ല്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഏഴ് വര്‍ഷത്തിനിടയില്‍ സ്വയം ജീവനെടുത്തത് 300 പേരാണെന്ന് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും കൂടുതല്‍ പേര്‍ ആരോഗ്യ മേഖലയില്‍ നിന്നും ആത്മഹത്യ ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രിട്ടനിലെ എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ നഴ്‌സിംഗ് ജീവനക്കാര്‍ക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. 2014ലെ കണക്കുകള്‍ പ്രകാരം ഒരാഴ്ച്ചയില്‍ ഒന്നിലധികം നഴ്‌സുമാരാണ് ജീവനൊടുക്കിയിരിക്കുന്നത്. അമിത ജോലിഭാരം മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പരിഹാര മാര്‍ഗങ്ങളൊന്നും നിര്‍ദേശിക്കപ്പെട്ടില്ല.

നിലവില്‍ യു.കെയിലെ പൊതുആരോഗ്യ മേഖല എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആശുപത്രികളില്‍ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാന്‍ നാഷണ്‍ ഹെല്‍ത്ത് സര്‍വീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന തസ്തിക നഴ്സിംഗാണ്. പിന്നാലെയാണ് ആത്മഹത്യാ റിപ്പോര്‍ട്ടുകള്‍ ഗണ്യമായി വര്‍ധിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. എന്തായാലും ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ഇക്കാര്യങ്ങള്‍ ഗൗരവത്തിലാണ് കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.