78കാരന്‍ കൊലപ്പെടുത്തിയത് 90 സ്ത്രീകളെ; ലോകത്തെ ഞെട്ടിച്ച ‘സീരിയല്‍ കില്ലറുടെ’ കഥ ഇങ്ങനെ!
വാഷിങ്ടണ്‍: 78കാരനായ അമേരിക്കന് പൗരന് സാമുവല് ലിറ്റില് ഇന്ന് അറിയപ്പെടുന്നത് ലോകത്തെ ഞെട്ടിച്ച ക്രൂരമായ 90 കൊലപാതകങ്ങളുടെ പേരിലാണ്. ഇയാള് കൊലപ്പെടുത്തിയ എല്ലാ സ്ത്രീകളുടെയും വ്യക്തിവിവരങ്ങള് പോലും കണ്ടെത്താന് അന്വേഷണ ഉദ്യോഗസ്ഥര്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ ചരിത്രത്തില് തന്നെ ഇത്രയധികം കൊലപാതകങ്ങള് ചെയ്ത മറ്റൊരു കുറ്റവാളിയില്ല. മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേസില് 2012 മുതല് തടവറയിലാണ് സാമുവല് ലിറ്റില്. ആഴ്ച്ചകള്ക്ക് മുന്പാണ് കോടതിക്ക് മുന്പാകെ താന് ചെയ്ത ക്രൂരമായ 90 കൊലപാതകങ്ങളുടെ കഥ സാമുവല് പറയുന്നത്.
ആറടി മൂന്നിഞ്ച് ഉയരുമുള്ള കരുത്തനായ മനുഷ്യനാണ് 78-ാമത്തെ വയസിലും ഇയാള്‍. ഹോളിവുഡ് സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിത സാഹചര്യത്തിലൂടെയാണ് സാമുവല്‍ കടന്നുപോയത്. 1956ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യമായി ഇയാള്‍ പോലീസ് പിടിയിലാകുന്നത്. കൊള്ള, പിടിച്ചുപറി, ചെറുകിട മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ കുറ്റങ്ങളായിരുന്നു അന്ന് ചുമത്തപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി സാമുവലിനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. യഥാര്‍ത്ഥ കുറ്റവാളിയായി സാമുവല്‍ മാറുന്നത് അവിടെ വെച്ചാണ്.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പോലീസിനെ വെട്ടിച്ച് ഇയാള്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. ഇക്കാലയളവില്‍ താമസം തെരുവിലേക്ക് പൂര്‍ണമായും മാറി. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു. വന്‍കിട മയക്കുമരുന്ന റാക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പലതവണ പോലീസ് പിടിയിലായെങ്കിലും തെളിവുകളുടെ അഭാവം സാമുവലിന് തുണയായി. കുറ്റകൃത്യങ്ങള്‍ നടത്തുമ്പോള്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെയുള്ള പഴുതടച്ച നീക്കങ്ങളായിരുന്നു സാമുവലിന്റേത്.
1970-കളില്‍ 11 സംസ്ഥാനങ്ങളിലായി വിവിധ കേസുകളില്‍ 26 തവണ അറസ്റ്റു ചെയ്യപ്പെട്ടു. ചില കേസുകളില്‍ ചെറിയ ശിക്ഷകളും ലഭിച്ചു. 1982ല്‍ കൊലപാതക കേസില്‍ ആദ്യമായി പിടിയിലായി. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. 1987ല്‍ നടന്ന മറ്റൊരു കൊലപാതക കേസില്‍ പിടിക്കപ്പെട്ട് 2012 മുതല്‍ തടവറയില്‍ തന്നെയാണ്. സാമുവല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പിന്നീടാണ് പോലീസ് വലിയ അന്വേഷണങ്ങള്‍ നടത്തുന്നത്.
ഏതാണ്ട് 34 കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയതായി തെളിഞ്ഞു കഴിഞ്ഞു. മറ്റു കൊലപാതകങ്ങളുടെ അന്വേഷണം നടന്നു വരികയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ എന്ന കുപ്രസിദ്ധിക്ക് സാമുവല്‍ അര്‍ഹനാകുമെന്നാണ് കോടതിയില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ യു.എസിന്റെ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയിട്ടുള്ളത് ഗാരി റിഡ്‌ജെ എന്നയാളാണ്. 1980-നും 1990-നുമിടെ 49 കൊലപാതകങ്ങളാണ് ഗാരി റിഡ്‌ജെ നടത്തിയിട്ടുള്ളത്.