ശ്രീലങ്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ചൈനയില്‍ മരണസംഖ്യ 100 കടന്നു

ബെയ്ജിംഗ്: ശ്രീലങ്കയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരണം. ഒരു ചൈനക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ജര്‍മനിയിലും രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ചൈനയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 106 ആയി. ഇതുവരെ 4193-പേരില്‍ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
തലസ്ഥാനമായ ബെയ്ജിങ്ങിലും രോഗം കണ്ടെത്തി. രോഗം പൊട്ടിപ്പുറപ്പെട്ട ഹൂബ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. വുഹാനില്‍ കുടുങ്ങിയിരിക്കുന്ന വിദേശികളെ ഒഴിപ്പിക്കാനും നടപടികള്‍ ആരംഭിച്ചു.
ഫ്രാന്‍സ്, ജപ്പാന്‍, ശ്രീലങ്ക, സ്പെയിന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്കായി വിമാനം അയക്കും. കേരളത്തില്‍ 436 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 431 പേര്‍ വിവിധ ആശുപത്രികളിലും അഞ്ചുപേര്‍ വീടുകളിലുമാണ്.