ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന് ആറു മാസത്തെ ഡ്രൈവിംഗ് വിലക്ക്
ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്യാപറ്റനും സൂപ്പര്‍താരവുമായ ഡേവിഡ് ബെക്കാമിന് ആറു മാസത്തേക്ക് ഡ്രൈവിംഗ് വിലക്ക്. ബ്രോംലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ മൊബൈല്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്തതിന് ബെക്കാം പിടിക്കപ്പെട്ടിരുന്നു. 750 പൗണ്ട് പിഴയടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ അമിത വേഗതയ്ക്ക് രണ്ടു തവണ ബെക്കാം പിടിക്കപ്പെട്ടിരുന്നു.
ട്രാഫിക് വളരെ കുറഞ്ഞ വേഗതയിലായിരുന്നുവെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് ജഡ്ജ് ബെക്കാമിനോട് പറഞ്ഞു. എന്നാല്‍ അത് നിയമ ലംഘനത്തിന് ന്യായീകരണമാകുന്നില്ല. മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകാന്‍ ഇത് ധാരാളം മതിയാകുമെന്നും ആറു മാസത്തേക്ക് വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിന്ന് താങ്കളെ വിലക്കുകയാണെന്നും ജഡ്ജ് വ്യക്തമാക്കി. ആറു മാസത്തേക്ക് ഒരു തരത്തിലുള്ള വാഹനങ്ങളും ഓടിക്കാന്‍ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഇക്കാലയളവില്‍ വാഹനങ്ങള്‍ ഓടിച്ചാല്‍ അത് മറ്റൊരു കുറ്റമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വിലക്കിനൊപ്പമാണ് 750 പൗണ്ട് പിഴയും 100 പൗണ്ട് പ്രോസിക്യൂഷന്‍ ചെലവും നല്‍കാന്‍ കോടതി വിധിച്ചത്. വിധി കേട്ട ശേഷം പ്രതികരിക്കാന്‍ നില്‍ക്കാതെ ബെക്കാം മടങ്ങി. ഡ്രൈവിഗിനിടയില്‍ മടിയില്‍ മൊബൈല്‍ ഫോണ്‍ ഇരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബെക്കാമിനെതിരെ നടപടിയെടുത്തത്. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണോ സാറ്റ് നാവോ ക്യാമറയോ കയ്യിലെടുക്കുന്നത് യുകെയില്‍ കുറ്റകരമാണ്.