കാശ്മീരില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് വീണ്ടും ട്രംപിന്റെ വാഗ്ദാനം

വാഷിങ്ടണ്‍: കാശ്മീരില്‍ മധ്യസ്ഥാ വാഗ്ദാനവുമായി ട്രംപ് വീണ്ടും. വിഷയം പരിഹരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയും പാകിസ്ഥാനുമാണെന്നും പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ആദ്യ വാഗ്ദാനം ഇന്ത്യ സ്വീകരിക്കാത്തത് സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ വാഗ്ദാനം സ്വീകരിക്കണോ എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി.
വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. പ്രശ്‌ന പരിഹാരത്തിന് സഹായിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് താന്‍ പറഞ്ഞിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് ഇന്ത്യ ഈ വാദം തള്ളുകയും ചെയ്തു. മധ്യസ്ഥതയ്ക്കായി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുകയായിരുന്നു.