ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മദ്യപിക്കാന്‍ സൗജന്യ ലൈസന്‍സ്

അതേസമയം മുസ്ലിങ്ങള്ക്ക് ഈ ഇളവ് ബാധകമാവില്ല.
 | 
ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മദ്യപിക്കാന്‍ സൗജന്യ ലൈസന്‍സ്

ദുബായ്: വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി ദുബായ് ഭരണകൂടം. ഇനിമുതല്‍ വിനോദത്തിനായി ദുബായിലെത്തുന്നവര്‍ക്ക് സൗജന്യമായി മദ്യപിക്കാനുള്ള ലൈസന്‍സ് നല്‍കും. അതേസമയം മുസ്ലിങ്ങള്‍ക്ക് ഈ ഇളവ് ബാധകമാവില്ല. 21 വയസ് പിന്നിട്ട അമുസ്ലിങ്ങളായ സഞ്ചാരികള്‍ക്കായിരിക്കും സൗജന്യ ലൈസന്‍സ് ലഭിക്കുക.

വിനോദ സഞ്ചാര മേഖലയില്‍ വലിയ മുന്നേറ്റത്തിനൊരുങ്ങുന്ന ദുബായിയുടെ പുതിയ നീക്കം വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. നേരത്തെ മദ്യപിക്കുന്നതിനായി ലൈസന്‍സ് അടക്കമുള്ള വലിയ നിയന്ത്രണങ്ങള്‍ ദുബായില്‍ നിലവിലുണ്ടായിരുന്നു. ദുബായിയില്‍ താമസ വിസയുള്ള അമുസ്ലിംകള്‍ക്ക് ഇപ്പോള്‍ ലൈസന്‍സോടുകൂടി മദ്യപിക്കാം. മറ്റുള്ളവര്‍ക്ക് മദ്യപിക്കാനുള്ള അനുമതി നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

എന്നാല്‍ പുതിയ നിയമം നിലവില്‍ വരുന്നതോടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിനോടൊപ്പം ലൈസന്‍സിനായി വിനോദ സഞ്ചാരികള്‍ക്ക് അപേക്ഷ നല്‍കാം. ഒരു മാസത്തേക്കാവും ലൈസന്‍സ് ലഭിക്കുക. മദ്യ റീട്ടെയില്‍ കമ്പനിയായ മാരിടൈം ആന്‍ഡ് മര്‍ക്കന്റൈല്‍ (എംഎംഐ) വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. അതേസമയം മദ്യത്തിന്റെ ഉപഭോഗത്തിന് കൃത്യമായ പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.