270 കോടിയോളം രൂപയുമായി ദുബായ് രാജകുമാരി ഒളിച്ചോടിയതായി സൂചന

ഹയായ്ക്ക് യു.എ.ഇയില് സുരക്ഷാ ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നു.
 | 
270 കോടിയോളം രൂപയുമായി ദുബായ് രാജകുമാരി ഒളിച്ചോടിയതായി സൂചന

ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ രാജകുമാരി ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ ഒളിച്ചോടിതായി റിപ്പോര്‍ട്ട്. ഹയാ ഒളിച്ചോടിയെന്ന റിപ്പോര്‍ട്ടില്‍ യാതൊരുവിധ ഔദ്യോഗിക പ്രതികരണവും രാജകുടുംബം നടത്തിയിട്ടില്ല. അതേസമയം ഹയാ പണവും കുട്ടികളുമായി ഇംഗ്ലണ്ടിലേക്ക് ഒളിച്ചോടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഹയായ്ക്ക് യു.എ.ഇയില്‍ സുരക്ഷാ ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

31 മില്യണ്‍ പൗണ്ട് ഹയാ കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ കൊണ്ടുപോയിരുന്നുവെന്നും മക്കളായ ജലീല (11), സയ്യിദ് (7) എന്നിവര്‍ക്കൊപ്പം രഹസ്യമായി ജര്‍മ്മനിയിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എ.ഇയിലെ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജ്യത്തെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളാണ്.

ജര്‍മ്മനിയിലെ ഒരു നയതന്ത്ര പ്രതിനിധിയാണ് ഒളിച്ചോട്ടത്തിനായി ഹയായെ സഹായിച്ചതെന്നും സംഭവത്തിന് പിന്നാലെ യു.എ.ഇയും ജര്‍മ്മനിയും തമ്മില്‍ നയതന്ത്ര പ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ മെയ് 20ന് ശേഷം ഹയാ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവര്‍ ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇപ്പോള്‍ നിര്‍ജീവമാണ്.