ശ്രീലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ; ഐക്യദാര്‍ഢ്യവുമായി യു.എ.ഇ

ദുബായ്: ശ്രീലങ്കന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എ.ഇ. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 250 ലധികം ജീവനുകളാണ് പൊലിഞ്ഞത്. ഈ ഘട്ടത്തില്‍ ശ്രീലങ്കയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ഭീകരാക്രമണത്തെ ചെറുക്കാന്‍ ഒന്നിച്ച് നില്‍ക്കുമെന്നും യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി. ലങ്കന്‍ ജനതയോടുള്ള ഐക്യദാര്ഢ്യ സൂചനകമായി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്ജ് ഖലീഫ ശ്രീലങ്കന് പതാകയുടെ വര്‍ണമണിഞ്ഞു.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കന്‍ പതാകയണിഞ്ഞത്. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ശ്രീലങ്കയെ ഞെട്ടിച്ച് സ്ഫോടന പരമ്പരയാണ് അരങ്ങേറിയത്. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് രാവിലെ സ്ഫോടനമുണ്ടായത്.
ഈ സ്ഫോടനത്തില്‍ 160-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായിട്ടാണ് കണക്ക്. ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.