ഇക്വഡോര്‍ ജയിലില്‍ കലാപം; 68 പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടിയത് മാഫിയാ സംഘങ്ങള്‍

 | 
Iquador Jail

ഇക്വഡോറിലെ ജയിലിലുണ്ടായ കലാപത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു. ഗയാക്വില്‍ എന്ന പ്രദേശത്തെ പെനിറ്റെന്‍ഷിയേറിയ ഡെല്‍ ലിറ്റോറല്‍ ജയിലില്‍ വെള്ളിയാഴ്ച വൈകിട്ടാണ് കലാപമുണ്ടായത്. രണ്ട് മാഫിയാ സംഘങ്ങളിലുള്ളവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പിന്നീട് ജയിലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തോക്കും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

സെപ്റ്റംബര്‍ അവസാനം 119 പേര്‍ കൊല്ലപ്പെട്ട കലാപമുണ്ടായ അതേ ജയിലില്‍ തന്നെയാണ് വീണ്ടും തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മയക്കുമരുന്ന് മാഫിയ സംഘങ്ങളിലുള്ളവരാണ് ഈ ജയിലിലെ അന്തേവാസികള്‍. ഒരു മാഫിയ സംഘത്തിന്റെ തലവനെ ജയില്‍ മോചിതനാക്കിയതാണ് പുതിയ കലാപത്തിന് കാരണമായത്. ഒരു ബ്ലോക്കില്‍ കഴിഞ്ഞിരുന്ന തടവുകാരുടെ നേതാവിനെയാണ് മോചിപ്പിച്ചത്. നേതാവില്ലാതായതോടെ മറ്റു ബ്ലോക്കിലുള്ളവര്‍ ഇവരെ ഭരിക്കാനെത്തിയതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ സൈന്യത്തെ നിയോഗിക്കാന്‍ കോടതിയോട് പ്രസിഡന്റ് ഗി്ല്ലര്‍മോ ലാസോ ആവശ്യപ്പെട്ടു. എന്നാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നാണ് കോടതി പ്രതികരിച്ചത്. ഈ വര്‍ഷം മാത്രം രാജ്യത്തെ ജയിലുകളില്‍ 300ല്‍ അധികം തടവുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.