വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതെന്ന് സ്ഥിരീകരണം

ലണ്ടന്‍: വിമാന യാത്രക്കിടെ കാണാതായ അര്ജന്റീനന് ഫുട്ബോള് താരം എമിലിയാനോ സലയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ട് ദിവസങ്ങള്ക്ക് മുന്പ് അദ്ദേഹം സഞ്ചരിച്ച ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല് ആദ്യഘട്ടത്തില് വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്സണിന്റേതാണോ സലയുടെതാണോ മൃതദേഹമെന്ന് രക്ഷാപ്രവര്ത്തകര് സ്ഥിരീകരിച്ചിരുന്നില്ല. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് മൃതദേഹം സലയുടേതാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ജനുവരി 21നാണ് ഇരുപത്തിയെട്ടുകാരനായ സല സഞ്ചരിച്ച ചെറുവിമാനം കാണാതായത്. സലയോടൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്സണേയും കാണാതായിരുന്നു. പിന്നീട് ആഴ്ച്ചകള്‍ നീണ്ട തിരച്ചലിനൊടുവില്‍ ഇംഗ്ലീഷ് ചാനലില്‍ നിന്ന് വിമാനാവശിഷ്ടങ്ങളും ഒരു മൃതദേഹവും കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണം യു.കെ എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന് കൈമാറിയിരുന്നു. വിമാനം അപകടത്തില്‍പ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് എമിലിയാനോ സാല സഞ്ചരിച്ച ചെറു വിമാനം കാണാതാവുന്നത്. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടത്തിയിട്ടും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാതിരുന്നതോടെ ഔദ്യോഗിക അന്വേഷണം അവസാനിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.