അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങി ഇത്തിഹാദ്; ഇറാന്‍ വ്യോമ പാതയിലൂടെ സര്‍വീസ് നടത്തില്ല
അബുദാബി: അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇത്തിഹാദ് എയര്‍ലൈന്‍സ്. ഇറാന്‍ വ്യോമ അതിര്‍ത്തിയിലൂടെ സര്‍വീസുകള്‍ നടത്തുന്നതിന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന് അഡ്മിനിസ്‌ട്രേഷന്‍ വിമാനക്കമ്പനികളെ വിലക്കിയിരുന്നു. വ്യോമാതിര്‍ത്തി അടക്കുകയില്ലെന്നും സര്‍വീസുകള്‍ നടത്തുന്നതിന് യാതൊരുവിധ തടസുമില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില് ഗണ്യമായി കുറവുണ്ടാകുമെന്ന് വ്യക്തമായതോടെ ഇത്തിഹാദ് ഫെഡറല് ഏവിയേഷന് അഡ്മിനിസ്ട്രേഷന് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു.
അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ കമ്പനികളും വിലക്ക് പാലിക്കേണ്ടി വരും. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും യുഎഇയിലെ മറ്റ് വിമാന കമ്പനികളുമായും ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയതായി ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഇറാന്റെ വ്യോമപാതകള്‍ ഒഴിവാക്കി പകരം മറ്റ് വ്യോമപാതകള്‍ ഉപയോഗിക്കാനാണ് ഇത്തിഹാദിന്റെ തീരുമാനം. പുതിയ നീക്കം വ്യോമപാതയില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാകും. അബുദാബിയിലേക്ക് പറക്കുന്ന വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
അതേസമയം അമേരിക്കയും ഇറാനും തമ്മില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് യുദ്ധ സാധ്യത വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയുടെ ചാരവിമാനം ഇറാന്‍ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഗ്ലോബല്‍ ഹോക്ക് എന്ന ഡ്രോണാണ് ഇറാന്‍ തകര്‍ത്തത്. ഇത്തരം ഡ്രോണുകളെ തകര്‍ക്കാന്‍ റഷ്യന്‍ നിര്‍മ്മിത മിസൈലുകള്‍ക്ക് മാത്രമെ കഴിയുവെന്നാണ് സൂചന. ഇറാനെ സഹായിക്കാന്‍ റഷ്യയെത്തുമെന്നും ഇതോടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.