അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രമെടുത്തു; പ്രവാസി വനിതയ്ക്ക് ഒന്നര ലക്ഷം ദിര്‍ഹം പിഴ

അനുവാദമില്ലാതെ സ്ത്രീയുടെ ഫോട്ടോയെടുത്ത് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തതിന് പ്രവാസി വനിതയ്ക്ക് ശിക്ഷ. ഒന്നരലക്ഷം ദിര്ഹം പിഴയടക്കാനാണ് അബുദാബി കോടതി ഉത്തരവിട്ടിരിക്കുന്നത്. അബുദാബിയിലെ ബീച്ചില് വെച്ച് എടുത്ത ചിത്രത്തിനെതിരെ ഫോട്ടോയില് ഉള്പ്പെട്ട സ്ത്രീയുടെ ഭര്ത്താവാണ് പരാതി നല്കിയത്.
 | 
അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രമെടുത്തു; പ്രവാസി വനിതയ്ക്ക് ഒന്നര ലക്ഷം ദിര്‍ഹം പിഴ

അബുദാബി: അനുവാദമില്ലാതെ സ്ത്രീയുടെ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പ്രവാസി വനിതയ്ക്ക് ശിക്ഷ. ഒന്നരലക്ഷം ദിര്‍ഹം പിഴയടക്കാനാണ് അബുദാബി കോടതി ഉത്തരവിട്ടിരിക്കുന്നത്. അബുദാബിയിലെ ബീച്ചില്‍ വെച്ച് എടുത്ത ചിത്രത്തിനെതിരെ ഫോട്ടോയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.

യൂറോപ്പില്‍ നിന്നുള്ള വനിതയാണ് ഫോട്ടോയെടുത്തത്. താന്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമാണെന്നും ബീച്ചുകള്‍ സ്വയം വൃത്തിയാക്കേണ്ടുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് ചിത്രമെടുത്തതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ഒരു ഓട്ടിസം സെന്ററിന്റെ സോഷ്യല്‍ മീഡിയ പേജിലാണി ഇവരെടുത്ത ചിത്രം പോസ്റ്റ് ചെയ്തത്.

ഈ കേന്ദ്രത്തിലെ കുട്ടികളും ബീച്ച് ശുചീകരണത്തില്‍ പങ്കെടുത്തിരുന്നു. തന്റെ ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി നല്‍കിയയാള്‍ പറയുന്നത്. അതേസമയം, സാമൂഹിക സേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആളാണ് താനെന്നും ഫോട്ടോ എടുത്തതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ചിത്രമെടുത്ത സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ചിത്രത്തില്‍ എല്ലാവരും മാന്യമായ വേഷം ധരിച്ചവരാണെന്നും അപമാനകരമായി ഒന്നുമില്ലെന്നും ഇവര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഇവര്‍. ബീച്ച് പൊതു സ്ഥലമാണെന്നും അവിടെ സ്വകാര്യതാ നിയമങ്ങള്‍ ബാധകമവില്ലെന്നുമാണ് അപ്പീലില്‍ വാദിക്കുന്നത്. വീട്ടമ്മയായ തനിക്ക് ഇത്രയും വലിയ തുക പിഴയടക്കാന്‍ കഴിയില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഡിസംബര്‍ 11ന് പരിഗണിക്കും.