ഫെയിസ്ബുക്ക് ആസ്ഥാനത്ത് രാസായുധം കണ്ടെത്തി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയിസ്ബുക്ക് ആസ്ഥാനത്ത് രാസായുധമായ സരിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നെര്‍വ് ഏജന്റ് വിഭാഗത്തില്‍പ്പെടുന്ന സരിന്‍ സാന്നിധ്യം കണ്ടെത്തിയതോടെ നാല് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംശയാസ്പദമായ കണ്ടെത്തിയ ഒരു പാക്കറ്റിലാണ് നെര്‍വ് ഏജന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഫെയിസ്ബുക്ക് ക്യാംപസിലേക്ക് എത്തുന്ന എല്ലാ പാഴ്‌സലുകളും പരിശോധിക്കാറുണ്ട്. അത്തരം പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ പാക്കറ്റ് കൈകാര്യം ചെയ്യുന്ന ആര്‍ക്കും ഇതുവരെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വിവരം.
മുന്‍കരുതലിന്റെ ഭാഗമായാണ് നാല് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചത്. ഇവയില്‍ മൂന്ന് കെട്ടിടങ്ങളിലേക്ക് ഇവരെ തിരികെ പ്രവേശിപ്പിച്ചു. എഫ്ബിഐ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും ഫെയിസ്ബുക്ക് വക്താവ് അറിയിച്ചു. എന്നാല്‍ കണ്ടെത്തിയത് സരിന്‍ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നാഡീ വ്യൂഹത്തെ ബാധിച്ച് വളരെ വേഗം മരണത്തിന് കാരണമാകുന്ന രാസായുധമാണ് സരിന്‍. രണ്ടാം ലോകമഹായുദ്ധത്തിലുള്‍പ്പെടെ ഉപയോഗിച്ചിട്ടുള്ള ഈ രാസസംയുക്തം ശീതയുദ്ധ കാലത്ത് അമേരിക്കയും റഷ്യയും സംഭരിച്ചിരുന്നു.