സൗദി രാജകുമാരന്റെ പേരില്‍ ആള്‍മാറാട്ടം; ഫ്ളോറിഡ സ്വദേശിക്ക് 18 വര്‍ഷം തടവ്

മിയാമി: സൗദി രാജകുമാരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ യുവാവിന് 18 വര്‍ഷം തടവ് ശിക്ഷ. ഫ്ളോറിഡ സ്വദേശിയായ 48 കാരനാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്. ആള്‍മാറാട്ടം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഖാസിദ് ബിന്‍ അല്‍-സയ്യിദ് എന്ന പേരില്‍ 2017ലാണ് ഇയാള്‍ മിയാമിയിലെത്തുന്നത്. സൗദി രാജകുടുംബത്തിലെ പ്രധാനിയെന്നായിരുന്നു ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നു. ആഢംബര വീട്, വിലകൂടിയ കാറുകള്‍, ബോഡി ഗാര്‍ഡ് തുടങ്ങി ആള്‍മാറാട്ടം പിടികൂടാതിരിക്കാന്‍ തന്നാല്‍ കഴിയാവുന്ന നാടകീയ ലുക്ക് ഇയാള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ആള്‍മാറാട്ടം അധികനാള്‍ തുടരാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. 2017 നവംബറില്‍ ഇയാള്‍ മിയാമിയില്‍ വെച്ച് പോലീസ് പിടിയിലായി.
പിന്നീടാണ് സൗദി രാജകുടുംബത്തിലെ അംഗമായ ഖാസിദ് ബിന്‍ അല്‍-സയ്യിദിന്റെ യഥാര്‍ത്ഥ രൂപം വെളിപ്പെടുന്നത്. കൊളംബിയ വംശജനായ ആന്തണി ജീന്യാക് എന്നയാളാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖാസിദ് ബിന്‍ അല്‍-സയ്യിദായി മാറിയത്. രാജകുടുംബത്തിലെ അംഗമായി പരിചയങ്ങള്‍ സ്ഥാപിച്ചതോടെ ആന്തണിയുടെ അക്കൗണ്ടിലേക്ക് വലിയ തുകയും എത്തി തുടങ്ങി. സൗദി രാജകുടുംബാംഗത്തിന് പണം നല്‍കുന്നതിന് കോടീശ്വരന്മാര് പോലും മടി കാണിച്ചില്ലെന്നതാണ് വാസ്തവം. പണം കൂടുതലായി എത്തി തുടങ്ങിയതോടെ തട്ടിപ്പ് വലിയ രീതിയില്‍ നടപ്പിലാക്കാന്‍ ആന്തണി തീരുമാനിച്ചു. അങ്ങനെയാണ് പണക്കാരുടെ സിറ്റി എന്നറിയപ്പെടുന്ന മിയാമിയിലെത്തിയത്.
മിയാമിയില്‍ കോടികള്‍ വിലമതിക്കുന്ന വീടാണ് ആന്തണി സ്വന്തമാക്കിയത്. യാത്രകള്‍ മുഴുവന്‍ വാടകയ്ക്കെടുത്ത പ്രൈവറ്റ് ജെറ്റ് വിമാനത്തില്‍. ലോകത്തിലെ തന്നെ പ്രമുഖ മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖാസിദ് ബിന്‍ അല്‍-സയ്യിദ് പന്നിയിറച്ചി കഴിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഏതാണ്ട് 8 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇയാള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.