ഫിദല്‍ കാസ്ട്രോയുടെ മകന് ഫിദല്‍ കാസ്ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു

ഹവാന: ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മൂത്ത മകന് ഫിദല്‍ കാസ്ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു. ഏറെക്കാലമായി വിഷാദ രോഗത്തിനടിമപ്പെട്ട് ചികിത്സയിലായിരുന്നു ലിറ്റില്‍ ഫിദല്‍ എന്നറിയപ്പെടുന്ന ഫിദല്‍ കാസ്ട്രോ ഡയസ് ബല്ലാര്ട്. വിഷാദ രോഗത്തിന് ചികിത്സ തേടി ഏറെ നാള് ആശുപത്രി വാസം നയിച്ച ബല്ലാര്‍ട്ട് പിന്നീട് വീട്ടില്‍ വെച്ചും ചികിത്സ തേടിയിരുന്നതായി ക്യൂബന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴായ്ച്ച പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഡയസ് ബല്ലാര്‍ട്ടിനെ കണ്ടെത്തിയത്. 68കാരനായ ഡയസ് ബല്ലാര്ട് ക്യൂബന്‍ വിപ്ലവ നേതാവും പിതാവുമായി ഫിദല്‍ കാസ്ട്രോയോട് ഏറ്റവും രൂപ സാദൃശ്യമുള്ള മകനായിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡയസ് ബെല്ലാര്ട് ക്യൂബയുടെ ഔദ്യോഗിക ശാസ്ത്ര ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ വൈസ് പ്രസിഡന്റായിട്ടും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1980 മുതല്‍ 1992 വരെ ക്യൂബയുടെ നാഷണല്‍ ന്യൂക്ലിയര്‍ പ്രോഗ്രാം തലവനായിരുന്നു.