സാത്താന്റെ അടുത്തെത്താന്‍ പതിനഞ്ച് പേരെ കൊന്ന് ചോരകുടിക്കാന്‍ പദ്ധതിയിട്ട് പെണ്‍കുട്ടികള്‍; അവസാനം പിടിയിലായത് ഇങ്ങനെ!
ഫ്‌ളോറിഡ: പിശാചിനെ ആരാധിക്കുന്ന വില്ലന് കഥാപാത്രങ്ങളെ നാം ഹോളിവുഡ് സിനിമയില് ധാരാളം കണ്ടിട്ടുണ്ട്. എന്നാല് ഇത്തരക്കാര് സമൂഹത്തിലുമുണ്ടെന്ന് തെളിയിക്കുന്നതാണ് അമേരിക്കയിലെ ബാര്ട്ടോയില് നിന്ന് പുറത്തുവരുന്ന വാര്ത്തകള്. ബാര്ട്ടോയിലെ മിഡില് ക്ലാസ് സ്കൂളില് നിന്ന് 11, 12 ഉം മാത്രം വയസ് പ്രായമുള്ള സാത്താന് ആരാധികമാരെ പോലീസ് പിടികൂടി. കുട്ടികളുടെ സ്വകാര്യതയെ മാനിച്ച് പോലീസ് പേരുകള് വെളിപ്പെടുത്തിയിട്ടില്ല. മാനസികരോഗ വിദഗ്ദ്ധരുടെ സഹായത്തോടെ കുട്ടികളെ ചോദ്യം ചെയ്ത് വരികയാണ്.
ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം രക്തം കുടിക്കാനായിരുന്നു ഇവരുടെ പദ്ധതി. കഴിയുമെങ്കില്‍ മനുഷ്യ മാംസം ഭക്ഷിക്കാനും പദ്ധതിയിട്ടിരുന്നു. ചുരുങ്ങിയത് പതിനഞ്ച് പേരുടെയെങ്കിലും രക്തം കുടിക്കാന്‍ ഇരുവരും തീരുമാനമെടുത്തിരുന്നു. ആസൂത്രണവുമായി ബന്ധപ്പെട്ട ഇവര്‍ കൈമാറിയ സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ ഇവര്‍ ശ്രമങ്ങള്‍ ആരംഭിച്ചതോടെ സഹപാഠികളില്‍ ചിലര്‍ക്ക് സംശയം തോന്നി. പെണ്‍കുട്ടികള്‍ കൊലപാതകത്തെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു സഹപാഠി അധ്യാപകരെ വിവരമറിയച്ചതോടെയാണ് കാര്യങ്ങള്‍ പോലീസിന്റെ ചെവിയിലെത്തുന്നത്. സ്‌കൂളില്‍ പോലീസ് നടത്തിയ റെയിഡില്‍ പെണ്‍കുട്ടികള്‍ രഹസ്യമായി ഒളിപ്പിച്ചിരുന്ന ഇറച്ചിവെട്ടുന്ന കത്തി, പിസ്സ മുറിക്കാനുള്ള കത്തി, കത്രിക തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തി.
സാത്താനുമായി അടുക്കാന്‍ പാപം ചെയ്യണമെന്ന് ഇരുവരും ഉറച്ചു വിശ്വസിച്ചിരുന്നു. രക്തം കുടിക്കുകയും മനുഷ്യ മാംസം കഴിക്കുകയും ചെയ്യുന്നത് സാത്താനിലേക്കുള്ള പാതയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ശുചിമുറിയില്‍ വെച്ച് കൊലപാതകങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി. കൊലപാതകങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്ത് സാത്താനിലേക്ക് എത്താമെന്നായിരുന്നു കുട്ടികള്‍ കരുതിയിരുന്നത്.