ലണ്ടനില്‍ 662 അടി ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു കയറിയ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ പിടിയില്‍
അംബരചുംബികളായ കെട്ടിടങ്ങളുടെ ചുമരുകളിലൂടെ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ അള്ളിപ്പിടിച്ചു കയറി വാര്ത്തകളും റെക്കോര്ഡുകളും സൃഷ്ടിച്ചിട്ടുള്ളയാളാണ് അലെയ്ന് റോബര്ട്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്ജ് ഖലീഫയും ഫ്രഞ്ച് സ്പൈഡര്മാന് എന്ന പേരില് അറിയപ്പെടുന്ന ഇയാള് കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാള് കീഴടക്കിയത് ലണ്ടന് നഗരത്തിലെ 662 അടി ഉയരമുള്ള ഹെറോണ് ടവറാണ്. 56 കാരനായ ഇയാള് വെറു കയ്യുമായാണ് കെട്ടിടത്തിനു മുകളിലേക്ക് കയറിയത്. ഇന്നലെ ഉച്ചക്കു ശേഷം 1.59നാണ് ഇയാള് കെട്ടിടത്തില് കയറാന് തുടങ്ങിയത്. 2.14ന് മുകളില് എത്തുകയും ചെയ്തു.
കയറോ സേഫ്റ്റി ബെല്‍റ്റോ പോലെയുള്ള യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയായിരുന്നു ഇയാള്‍ 202 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തില്‍ കയറിയത്. അതുകൊണ്ടുതന്നെ ഇത് നിയമവിരുദ്ധവുമാണ്. ലണ്ടന്‍ പോലീസ് അല്‍പ സമയത്തിനകം സ്ഥലത്തെത്തുകയും സാഹസിക പ്രകടനത്തിനു ശേഷം ‘സ്‌പൈഡര്‍മാനെ’ കയ്യോടെ പൊക്കുകയും ചെയ്തു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌പൈഡര്‍മാന്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.
5 അടി 5 ഇഞ്ച് ഉയരവും 50 കിലോ മാത്രം ശരീരഭാരവുമുള്ള ഇയാളുടെ മെലിഞ്ഞ ശരീരഘടനയാണ് ഈ പ്രത്യേക കഴിവുകള്‍ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി കയറുന്നത് സ്ഥിരമാക്കിയതിനാല്‍ അതിനു ശേഷം അറസ്റ്റിലാകുന്നതും പതിവാണ്. കെട്ടിടങ്ങളില്‍ കയറാന്‍ സഹായത്തിനായി ഇയാള്‍ ചോക്ക് പൊടിയും ഗ്ലൗസും മാത്രമാണ് ഉപയോഗിക്കാറുള്ളത്. ഈ ചോക്ക് സൂക്ഷിക്കുന്ന ബാഗിലാണ് പാസ്‌പോര്‍ട്ടും സൂക്ഷിക്കുന്നത്.