ഓസ്‌ട്രേലിയയിലെ പുതിയ നോട്ടുകളില്‍ ബീഫിന്റെ അംശമെന്ന് ആരോപണം; പ്രതിഷേധം അറിയിച്ച് ഹിന്ദു സംഘടന
സിഡ്നി: ബീഫ് ഓസ്ട്രേലിയയിലും വിവാദം സൃഷ്ടിക്കുന്നു. ഓസ്ട്രേലിയയില് പുതുതായി ഇറക്കിയ പോളിമര് നോട്ടില് ബീഫിന്റെ അംശമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്ന്ന് ഹിന്ദു സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. പശുവിറച്ചി, ആട്ടിറച്ചി എന്നിവയില് നിന്ന് ഉദ്പാദിപ്പിക്കുന്ന ടാലോ എന്ന ഘടകം ഈ നോട്ടുകളില് അടങ്ങിയിട്ടുണ്ടെന്നാണ് വ്യക്തമായത്.
അമേരിക്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന യൂണിവേഴ്സല് സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന് റിസര്വ് ബാങ്ക് ഗവര്ണര്ക്ക് യൂണിവേഴ്സല് സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന് സെദ് കത്തയച്ചു. ബീഫ് ഉപയോഗിക്കുന്നത് ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. വെജിറ്റേറിയന്‍മാരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
20 ഡോളറിന്റെയും 100 ഡോളറിന്റെയും പുതിയ നോട്ടുകളിലാണ് ടാലോ ചേര്‍ത്തതായി വെളിപ്പെടുത്തലുണ്ടായത്. നോട്ടുകള്‍ അടുക്കിവയ്ക്കുമ്പോള്‍ തെന്നിപ്പോകുന്നതും ഘര്‍ഷണം കൊണ്ട് വൈദ്യുതോര്‍ജ്ജം ഉണ്ടാകുന്നതും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത് ചേര്‍ക്കുന്നത്. നേരത്തേ പുതിയ 5 പൗണ്ടിന്റെ നോട്ട് പുറത്തിറക്കിയപ്പോള്‍ ബ്രിട്ടനിലും സമാനമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.