ജമാല്‍ ഖഷോഗിയുടെ കൊല; നിര്‍ദേശം നല്‍കിയത് സൗദി കിരീടാവകാശിയുടെ സഹായിയെന്ന് റിപ്പോര്‍ട്ട്
റിയാദ്: ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് നിര്‍ദേശം നല്‍കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുപ്പക്കാരനെന്ന് റിപ്പോര്‍ട്ട്. സൗദി രാജകുമാരന്റെ അനുയായിയായ സൗദ് അല്‍ ഖദാനിയാണ് ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഖഷോഗിയെ കൊലപ്പെടുത്താന്‍ ഇയാള്‍ സ്കൈപ്പിലൂടെ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
മുഹമ്മദ ബിന്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഖതാനിയായിരുന്നു നിയന്ത്രിച്ചിരുന്നത്. ഖഷോഗിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ഇയാളെയും നാലു പേരെയും ഭരണാധികാരിയായ സല്മാന് രാജാവ് പുറത്താക്കിയെന്ന് സൗദിയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഖതാനിയുടെ ചെയ്തികള്‍ അന്താരാഷ്ട്രതലത്തില്‍ സൗദിയുടെ പ്രതിഛായയ്ക്ക് കളങ്കമേല്‍പ്പിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം.
ഖതാനിയുടെ നിര്‍ദേശമനുസരിച്ചാണ് രാജ്യത്തെ പല പ്രമുഖരെയും അറസ്റ്റ് ചെയ്തതെന്നും ഒരു ലബനീസ് പ്രധാനമന്ത്രിയ മുമ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായുമുള്ള വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. 15 അംഗ പ്രത്യേക സ്ക്വാഡും ഇയാളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിയോഗിച്ചിട്ടുണ്ടായിരുന്നു.
ഖഷോഗിയുടെ കൊലപാതകത്തിന് പിന്നാലെ ഖതാനി കസ്റ്റഡിയിലായിരുന്നതായും പിന്നീട് പദവികളില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും സൗദി വൃത്തങ്ങള്‍ പറയുന്നു. ഖഷോഗിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് പങ്കില്ലെന്നും സൗദി വിശദീകരിക്കുന്നു. ഖതാനി വീട്ടുതടങ്കലിലാണോ എന്ന് സംശയിക്കുന്നു.