കാബൂളില്‍ നിന്ന് പറന്ന വിമാനത്തിന്റെ ടയറില്‍ മൃതദേഹാവശിഷ്ടം; അന്വേഷണം പ്രഖ്യാപിച്ചു

 | 
kabul aircraft
കാബൂളില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പോയ അമേരിക്കന്‍ വ്യോമസേനാ വിമാനത്തിന്റെ ടയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കാബൂളില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പോയ അമേരിക്കന്‍ വ്യോമസേനാ വിമാനത്തിന്റെ ടയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാബൂളില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പുറപ്പെട്ട വിമാനം ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടം കണ്ടെത്തിയത്.
സംഭവം അന്വേഷിക്കുമെന്ന് യുഎസ് എയര്‍ഫോഴ്സ് വ്യക്തമാക്കി. 

താലിബാന്‍ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ രക്ഷപ്പെടുന്നതിനായി വിമാനത്താവളത്തില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വിമാനത്തില്‍ കയറിപ്പറ്റാനായി തിക്കിത്തിരക്ക് ഉണ്ടായതോടെ ജനങ്ങളെ കുത്തിനിറച്ചാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തിലെ സുരക്ഷാ സാഹചര്യം മോശമായതിനാല്‍ എത്രയും പെട്ടന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. 

വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ വീണ് മരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. റണ്‍വേയിലെ തിരക്കില്‍പെട്ട് 7 പേര്‍ മരിച്ചതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു.