റഫേല്‍ ഇടപാട്; ഒലാന്ദേയുടെ വെളിപ്പെടുത്തല്‍ നിഷേധിക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
ന്യൂയോര്‍ക്ക്: റഫേല്‍ കരാര് റിലയന്സിന് നല്കിയതുമായി ബന്ധപ്പെട്ട് മുന് പ്രസിഡന്റ് നടത്തിയ വെളിപ്പെടുത്തല് നിഷേധിക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുല് മാക്രോണ്. ദസോ ഏവിയേഷന്റെ പങ്കാളിയായി ഇന്ത്യയില് റിലയന്സ് ഡിഫന്സിനെ നിര്ദേശിച്ചത് ഇന്ത്യയായിരുന്നോ എന്ന എന്ഡിടിവിയുടെ ചോദ്യത്തിന് ആ സമയത്ത് താന് അധികാരത്തിലുണ്ടായിരുന്നില്ല എന്ന മറുപടിയാണ് മാക്രോണ് നല്കിയത്. അത് സര്ക്കാരുകള് തമ്മിലുള്ള ചര്ച്ചയായിരുന്നെന്ന് തനിക്കറിയാമെന്നും മാക്രോണ് പറഞ്ഞു.
‘മറ്റൊന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. നമുക്ക് വ്യക്തമായ നിയമങ്ങളുണ്ടെന്ന് എനിക്കറിയാം.’ സൈനിക, പ്രതിരോധ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ ഫ്രെയിംവര്‍ക്കിന്റെ ഭാഗമാണ് ഈ കരാറെന്നും മാക്രോണ്‍ പറഞ്ഞു. റഫേല്‍ യുദ്ധവിമാനങ്ങളുടെല നിര്‍മാണത്തിന് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് ഇന്ത്യയാണെന്ന് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിവാദത്തില്‍ മുങ്ങി നിന്നിരുന്ന റഫേല്‍ ഇടപാടില്‍ ബിജെപി സര്‍ക്കാരിന് കനത്ത പ്രഹരമായി മാറിയ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മിറ്റിയും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിക്കെതിരെ കനത്ത ആരോപണങ്ങളാണ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.