പ്രളയ റിപ്പോര്‍ട്ടിംഗിന് കഴുത്തറ്റം വെള്ളത്തിലിറങ്ങി പാകിസ്ഥാനി മാധ്യമപ്രവര്ത്തകന്; വീഡിയോ
കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട മഹാപ്രളയം ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നു. നെഞ്ചിനൊപ്പം വെള്ളത്തില്‍ ഇറങ്ങി പ്രളയത്തിന്റെ ദുരിതം വിവരിക്കുന്ന റിപ്പോര്‍ട്ടുകളാണ് വ്യാപകമായി വിമര്‍ശിക്കപ്പെട്ടത്. ഒരു വര്‍ഷത്തിന് ശേഷം അതേ വിധത്തിലുള്ള റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പാകിസ്ഥാനില്‍ നിന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജി-ടിവി ന്യൂസ് എന്ന പാക് ടിവി ചാനലിന്റെ റിപ്പോര്‍ട്ടറാണ് ഈ സാഹസം കാട്ടിയിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ സിന്ധു നദിയിലെ ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ചാണ് റിപ്പോര്‍ട്ട്. നദിയുടെ തീരവും കൃഷിസ്ഥലങ്ങളും പ്രളയജലത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് അസദര് ഹുസൈന് എന്ന മാധ്യമപ്രവര്ത്തകന് കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന് പറയുന്നു. സ്വന്തം ജീവന് പോലും പണയം വെച്ചാണ് തങ്ങളുടെ പ്രതിനിധി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോയ്ക്ക് എന്തായാലും ട്രോളുകള്‍ നിരവധിയാണ് ലഭിക്കുന്നത്.