സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇംറാന്‍ ഖാന്
കറാച്ചി: സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. തന്റെ ട്വിറ്ററില്‍ ഹാന്‍ഡിലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തന്റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ നടപടി ധാര്‍ഷ്ട്യം നിറഞ്ഞതാണ്. ഇന്ത്യയുടെ പ്രതികരണം നിരാശപ്പെടുത്തുന്നു. വിശാല കാഴ്ചപ്പാടില്ലാത്ത എത്രയോ ചെറിയ മനുഷ്യര്‍ വലിയ പദവികള്‍ വഹിക്കുന്നത് തന്റെ ജീവിതത്തില്‍ കണ്ടിട്ടുണ്ടെന്നും ഇംമ്രാന്‍ ഖാന് ട്വിറ്ററില്‍ കുറിച്ചു.
Disappointed at the arrogant & negative response by India to my call for resumption of the peace dialogue. However, all my life I have come across small men occupying big offices who do not have the vision to see the larger picture.
— Imran Khan (@ImranKhanPTI) September 22, 2018
ജമ്മു-കശ്മീരില്‍ ഭീകരര്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പാകിസ്ഥാനുമായി നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നരേന്ദ്ര മോഡിക്ക് കത്തയച്ചതോടെയാണ് നയതന്ത്രതല ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്. എന്നാല്‍ കശ്മീരിലെ സംഭവ വികാസങ്ങള്‍ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ഥ മുഖമാണ് വെളിവാക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.
പാക് വിദേശകാര്യ മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ കൂടിക്കാഴ്ച്ച നടത്താമെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി കാശ്മീരില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നടത്തേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തു. ബുര്‍ഹാന്‍ വാനിയുടെ സ്റ്റാംപ് പുറത്തിറക്കിയതും ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവങ്ങളില്‍ ഇന്ത്യ അപലപിച്ചിരുന്നു.