ഇന്തോന്യേഷ്യയില്‍ 300 സംരക്ഷിത മുതലകളെ ഗ്രാമവാസികള്‍ കൂട്ടക്കൊല ചെയ്തു
ജക്കാര്‍ത്ത: ഇന്തോന്യേഷ്യന്‍ ഗ്രാമവാസികള് 300 സംരക്ഷിത ഗണത്തില്പ്പെട്ട മുതലകളെ കൂട്ടക്കൊല ചെയ്തു. ഗ്രാമത്തിലെ യുവാവിനെ വന്യജീവി സങ്കേതത്തിലെ മുതല പിടിച്ചതില് കോപാകുലരായ നാട്ടുകാരാണ് മുതലകളെ കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് സങ്കേതത്തിലെ മുതല ഗ്രാമവാസിയെ കൊന്നത്. ഇവിടെയുള്ള ജീവനക്കാര് ഇയാളെ രക്ഷപ്പെടുത്താന് ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടയാളുടെ സംസ്കാര ചടങ്ങുകള്ക്ക് ശേഷമാണ് ആയുധങ്ങളുമായി നൂറോളം വരുന്ന ഗ്രാമവാസികള് സങ്കേത്തിലേക്ക് അതിക്രമിച്ചു കടന്ന് മുതലകളെ കൊലപ്പെടുത്തിയത്.
പോലീസ് ഗ്രാമവാസികളെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗ്രാമവാസികള്‍ ആയുധങ്ങളുമായി എത്തിയതിനാലാണ് തടയാന്‍ കഴിയാഞ്ഞതെന്ന് പോലീസ് പറയുന്നു. ജീവനക്കാരെയും അവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. വാളുകളും വടികളും ഉപയോഗിച്ച് മുതലകളെ അടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. സംരക്ഷിത ഇനത്തില്‍പ്പെട്ട നിരവധി മുതലകള്‍ കൊല്ലപ്പെട്ടതായി ജീവനക്കാര്‍ വ്യക്തമാക്കുന്നു.
വന്യജീവികളെ കൊല്ലുന്നതും ആക്രമിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്തോന്യേഷ്യ. അക്രമം നടത്തിയവരെ പോലീസ് പിടികൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമത്തിലുള്ളവര്‍ വലിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.