ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; ഗള്‍ഫ് മേഖലയില്‍ യുദ്ധസമാന സാഹചര്യം

ടെഹ്‌റാന്‍: ഗള്‍ഫില്‍ വീണ്ടും യുദ്ധസമാന സാഹചര്യം. ബ്രിട്ടന്റെയും പനാമയുടെയും എണ്ണക്കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതോടെയാണ് മേഖലയില്‍ വീണ്ടും യുദ്ധഭീഷണി ഉയര്‍ന്നിരിക്കുന്നത്. അനധികൃതമായി ഇറാനില്‍ നിന്ന് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് പനാമന്‍ കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കറായ സ്റ്റെന ഇംപെറോയെ എന്തിനാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം കപ്പല്‍ വിട്ടുനല്കിയില്ലെങ്കില് ഇറാന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സ്റ്റെന ഇംപെറോയുമായി യാതൊരു ബന്ധവും ഇപ്പോള്‍ ലഭ്യമല്ലെന്ന് കപ്പലിന്റെ ഉടമസ്ഥരായ കമ്പനി അറിയിച്ചു. കപ്പലില്‍ 20 ജീവനക്കാര്‍ ഉണ്ടായിരുന്നെന്നാണ് സൂചന.
അമേരിക്കയും ഇറാന് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. കപ്പലുകള്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ഇറാന്‍ വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കപ്പലുകള്‍ക്ക് സൈ്വരമായി ചരക്ക് നീക്കം നടത്താനുള്ള സാഹചര്യം ഇല്ലാതാക്കിയാല്‍ ഇറാനെതിരെ സൈനിക നീക്കമുണ്ടാവുമെന്നും സൂചനയുണ്ട്.