എണ്ണക്കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ സമവായ നീക്കവുമായി ഇറാന്‍; പ്രതികരിക്കാതെ ബ്രിട്ടന്‍

തെഹ്‌റാന്‍: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ സമവായ നീക്കവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുതരികയാണെങ്കില്‍ സമവായത്തിന് തയ്യാറാണെന്നും കപ്പല്‍ വിട്ടുതരാമെന്നും റൂഹാനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിട്ടന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. തെരേസ മേ സ്ഥാനമൊഴിഞ്ഞതിന് ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ ബോറിസ് ജോണ്‍സന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും. അമേരിക്കയുമായി സമവായ ചര്‍ച്ചകള്‍ക്ക് ഇറാന്‍ നീക്കം ആരംഭിച്ചതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടന്‍ പിടിച്ച ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണില്‍ മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാനുള്ളത്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപാറോയിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ നാല് പേര്‍ മലയാളികളാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാന്റെയും ബ്രിട്ടന്റെയും തീരുമാനം നിര്‍ണായകമാണ്. ഇരുവരും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കപ്പല്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്നത് വിദേശകാര്യ മന്ത്രാലയത്തിന് തലവേദനയായിരിക്കുകയാണ്. തൊഴിലാളികളെ വിട്ടുനല്‍കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
സിറിയയിലേക്ക് ഇന്ധനം കടത്തുന്നുവെന്ന് ആരോപിച്ച് ജൂലൈ നാലിനാണ് ഇറാന്റെ എണ്ണ ടാങ്കറായ ഗ്രേസ് 1 ബ്രിട്ടീഷ് നാവികസേന പിടിച്ചെടുക്കുന്നത്. അതിശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും കപ്പല്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തയ്യാറായില്ല. ഇതിന് പിന്നാലെ സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുകയായിരുന്നുയാണ് സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാനും പിടിച്ചെടുത്തു. ഹോര്‍മുസ് കടലിടുക്കില്‍ വെച്ചായിരുന്നു ഇറാന്‍ നാവികര്‍ കപ്പല്‍ പിടിച്ചെടുക്കുന്നത്.