ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ തടഞ്ഞതായി ആരോപണം; ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധ ഭീഷണി

മസ്‌കറ്റ്: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് അമേരിക്ക രംഗത്ത്. ഗള്‍ഫ് മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് കപ്പല്‍ ഇറാന്റെ നാവികസേന തടഞ്ഞുനിര്‍ത്തിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം വിഷയത്തില്‍ ബ്രിട്ടന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്താന് തയ്യാറായിട്ടില്ല.
മേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്‍ വിമാനം സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടിണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അമേരിക്ക തയ്യാറായിട്ടില്ല. കപ്പലിന് അല്‍പം പിന്നിലായി ബ്രിട്ടീഷ് നാവിക സേനയുടെ പടക്കപ്പല്‍ എച്ച് എം എസ് മോണ്ട്‌റോസ് അകമ്പടി നല്‍കുന്നുണ്ടായിരുന്നു. ഈ കപ്പല്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇറാന്റെ 5 യുദ്ധക്കപ്പലുകളും പിന്മാറിയതെന്നാണ് അമേരിക്കയുടെ വാദം.
നേരത്തെ അമേരിക്കയുടെ ചാരഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. യു.എസ് വ്യോമസേനയുടെ ഏറ്റവും ആധുനിക ചാരവിമാനമായ ഗ്ലോബല്‍ ഹോക്കാണ് ഇറാന്‍ വെടിവെച്ചിട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍ തങ്ങള്‍ ചെറുമീനുകളെല്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സാധാരണ ഡ്രോണുകളെക്കാള്‍ പതിന്മടങ്ങ് സംവിധാനങ്ങളുള്ള ആളില്ലാ വിമാനമാണ് ഗ്ലോബല്‍ ഹോക്ക്. റഡാറുകള്‍ക്ക് പോലും ഇവയെ കണ്ടെത്താന്‍ കഴിയില്ല. ഒറ്റയടിക്ക് 12,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. 130 അടിയോളം നീളമുള്ള ഡ്രോണ്‍ രാജ്യത്തിന് പുറത്ത് പോലും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. 34 മണിക്കൂര്‍വരെ തുടര്‍ച്ചയായി പറക്കാനുള്ള ശേഷിയും ഇതിനുണ്ട്.
ഗ്ലോബല്‍ ഹോക്ക് തകര്‍ത്തതോടെ അമേരിക്ക ഇറാനുമായി ഏത് സമയത്തും യുദ്ധം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുവൈറ്റ് കേന്ദ്രീകരിച്ച് യു.എസ് യുദ്ധവിമാനങ്ങള്‍ തമ്പടിച്ചിട്ടുണ്ട്. ബ്രീട്ടീഷ് കപ്പല്‍ തടഞ്ഞതായി വാര്‍ത്ത പുറത്തുവന്നതോടെ ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സൈനിക വിന്യാസം നടത്താന്‍ അമേരിക്ക മുതിര്‍ന്നേക്കുമെന്നും വാര്‍ത്തകളുണ്ട്.