എയര്‍ ഇന്ത്യ പൈലറ്റിന്റെ മുഖത്തു തുപ്പിയ സ്ത്രീ മരിച്ച നിലയില്‍

കൂടുതല് മദ്യം നല്കിയില്ലെന്ന് ആരോപിച്ച് എയര് ഇന്ത്യ ജീവനക്കാരെ അസഭ്യം പറയുകയും പൈലറ്റിന്റെ മുഖത്തു തുപ്പുകയും ചെയ്ത സ്ത്രീയെ മരിച്ച നിലയില് കണ്ടെത്തി.
 | 
എയര്‍ ഇന്ത്യ പൈലറ്റിന്റെ മുഖത്തു തുപ്പിയ സ്ത്രീ മരിച്ച നിലയില്‍

ലണ്ടന്‍: കൂടുതല്‍ മദ്യം നല്‍കിയില്ലെന്ന് ആരോപിച്ച് എയര്‍ ഇന്ത്യ ജീവനക്കാരെ അസഭ്യം പറയുകയും പൈലറ്റിന്റെ മുഖത്തു തുപ്പുകയും ചെയ്ത സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐറിഷ് വനിതയായ സൈമണ്‍ ബേണ്‍സ് (50) ആണ് മരിച്ചത്. ഈസ്റ്റ് സസെക്‌സിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പൈലറ്റിനെയും വിമാന ജീവനക്കാരെയും ഉപദ്രവിച്ച കേസില്‍ ഇവര്‍ക്ക് ആറുമാസം തടവു ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇവര്‍ പുറത്തിറങ്ങിയത്.

മുംബൈയില്‍ നിന്ന് ലണ്ടനിലേക്കു പോയ വിമാനത്തിലാണ് ഇവര്‍ പ്രശ്‌നമുണ്ടാക്കിയത്. അളവില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ നല്‍കാന്‍ തയ്യാറാകാതിരുന്നതായിരുന്നു പ്രകോപനം. ബിസിനസ് ക്ലാസ് യാത്രക്കാരോട് നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്നായിരുന്നു ഇവര്‍ ചോദിച്ചത്. താന്‍ ഒരു അന്താരാഷ്ട്ര അഭിഭാഷകയാണെന്നും പാലസ്തീന്‍, റോഹിങ്ക്യന്‍ ജനതകള്‍ക്ക് വേണ്ടി പോരാടുന്ന വ്യക്തിയാണെന്നും പറഞ്ഞ ഇവര്‍ പ്രശ്‌നം പരിഹരിക്കാന്‍ കോക്പിറ്റില്‍ നിന്ന് പുറത്തു വന്ന പൈലറ്റിനോടും അപമര്യാദയായി പെരുമാറി.

തര്‍ക്കത്തിനിടയിലാണ് ഇവര്‍ പൈലറ്റിന്റെ മുഖത്ത് തുപ്പിയത്. മറ്റു യാത്രക്കാര്‍ പകര്‍ത്തിയ ഈ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. കേസില്‍ ഇംഗ്ലണ്ടിലെ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവും 3000 പൗണ്ട് പിഴയുമാണ് ഇവര്‍ക്ക് നല്‍കിയ ശിക്ഷ.