ഖഷോഗി വധം; മുഹമ്മദ് ബിന് സല്മാന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അമേരിക്കന് സെനറ്റ്
വാഷിങ്ടണ്‍: മാധ്യമ പ്രവര്ത്തകന് ജമാല് ഖഷോഗി ഇസ്താംബുളിലെ സൗദി എംബസിയില് വെച്ച് കൊല്ലപ്പെട്ട സംഭവത്തില് കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അമേരിക്കന് സെനറ്റ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന് കത്ത് നല്കിയിട്ടുണ്ട്. ഖഷോഗി വധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് സൗദി-അമേരിക്ക ബന്ധത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ട്രംപ് സൂചന നല്കിയതിന് പിന്നാലെയാണ് സെനറ്റിന്റെ നീക്കം.
മുഹമ്മദ് ബിന് സല്‍മാന് അനുകൂലമായി ട്രംപ് നിലപാടെടുത്തതില്‍ സെനറ്റിന് കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്തെ ഓഡിയോ റെക്കോര്‍ഡിങ് കൈവശമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഓഡിയോ ടേപ്പിലെ സംഭവങ്ങള്‍ ഭീകരമാണെന്നും എന്നാല്‍ താന്‍ അത് കേട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മുഹമ്മദ് ബിന് സല്‍മാന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന യാതൊരു പ്രസ്താവനകളും ട്രംപ് നടത്തിയിട്ടില്ല.
ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചത് സൗദി കിരീടാവകാശിയാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഎ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖഷോഗി രേഖകള്‍ വാങ്ങാന്‍ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത് മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനും അമേരിക്കയിലെ സൗദി അംബാസഡറുമായ ഖാലിദ് ബിന്‍ സല്‍മാന്റെ നിര്‍ദേശം അനുസരിച്ചാണെന്ന് സിഐഎ ആരോപിച്ചിരുന്നു. എന്നാല്‍ സി.ഐ.എ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നായിരുന്നു ട്രംപിന്റെ വാദം.