വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇക്വഡോര്‍ എംബിസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്വഡോര്‍ അസാന്‍ജിന് നല്കിയ പിന്തുണ പിന്‍വലിച്ചതോടെയാണ് അദ്ദേഹം അറസ്റ്റിലായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം അറസ്റ്റ് വിക്കീലീക്സ് വിവാദങ്ങളുമായി ബന്ധപ്പെട്ടാണോയെന്ന് വ്യക്തമല്ല. നേരത്തെ രണ്ട് ലൈംഗീക അതിക്രമണ കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നതെന്നാണ് സൂചന.
അസാന്‍ജിനെ അറസ്റ്റ് ചെയ്തതായി ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിക്കീലീക്സിലൂടെ അന്താരാഷ്ട്ര തലത്തില്‍ വലിയ ചലനങ്ങളുണ്ടായേക്കാവുന്ന രഹസ്യങ്ങള്‍ പുറത്തുവിട്ടതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ രഹസ്യ പദ്ധതി ബ്രിട്ടന് നടപ്പിലാക്കുകയായിരുന്നുവെന്നും അസാന്‍ജിന്റെ അനുകൂലികള്‍ ആരോപിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത് ഉടന്‍ കോടതിയില്‍ ഹാജരാക്കാനാവും പോലീസ് ശ്രമിക്കുക.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാന്‍ജ് ലോകശ്രദ്ധ നേടുന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല രഹസ്യ പ്രവര്‍ത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു. 2010 ന്റെ അവസാനം 3 ലക്ഷത്തില്‍ അധികം പേജുകള്‍ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അമേരിക്കയുടെ കണ്ണിലെ കരടായി അസാന്‍ജ് മാറി. എല്ലാ രാജ്യങ്ങളിലുമുള്ള അമേരിക്കന്‍ എംബസികള്‍ വഴി ചാര പ്രവര്‍ത്തനം നടന്നിരുന്നു എന്നതും , സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയില്‍ അമേരിക്കന്‍ നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നുമുള്ള വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രതിരോധത്തിലാക്കി.
അസാന്‍ജിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളും അദ്ദേഹത്തിനു ലഭിച്ചിരുന്ന മാധ്യമശ്രദ്ധയും ഏറ്റവും ഉയര്‍ന്നു നിന്നപ്പോള്‍, സ്വീഡനില്‍, അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങള്‍ ഉയരുകയും സ്വീഡിഷ് ഗവണ്മെന്റ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഇത് അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കെട്ടിച്ചമച്ച കേസാണെന്ന് വ്യാപകമായ വിമര്‍ശനം ഉയരുകയുണ്ടായി. തന്നെ പിടികൂടി അമേരിക്കയ്ക്കു കൈമാറാനുള്ള നടപടികളാണ് നടക്കുന്നതെന്ന് അസാന്‍ജും ആരോപിച്ചു. 2010 നവംബര്‍-30ന് അസാഞ്ജിനെതിരെ ലൈംഗികാതിക്രമങ്ങളുമായിബന്ധപ്പെട്ട കേസില്‍ ഇന്റെര്പോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഭീഷണി മൂലം പല രാജ്യങ്ങളിലായി മാറി മാറി താമസിച്ച അസാന്‍ജ് ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സെന്‍സര്‍ഷിപ്പിനെക്കുറിച്ചും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്തിരുന്നു.
കുരുക്ക് മുറുകിയതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ കോടതിയില്‍ കീഴടങ്ങിയ അസാഞ്ജിനെ തടവിലാക്കി. അസാഞ്ജിന് ലോകമെമ്പാടു നിന്നും പിന്തുണ ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യ ശൃംഖലാ വെബ്സൈറ്റുകള്‍ വഴി ലഭിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് കോടതി ഏര്‍പ്പെടുത്തിയ ജാമ്യത്തുക കണ്ടെത്തുവാന്‍ ഈ പിന്തുണ സഹായകരമായി. അതിനെത്തുടര്‍ന്ന് 2010 ഡിസംബര്‍17 ന് അസാഞ്ജിനു ജാമ്യം ലഭിച്ചു. നാടകീയമായി ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ അഭയം തേടിയ അസാന്‍ജിന്, ഇക്വഡോര്‍ ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചു. ഇത് ബ്രിട്ടനും ഇക്വഡോറും തമ്മിലുള്ള ബന്ധങ്ങളില്‍ ചെറിയ ഉലച്ചിലുണ്ടാക്കിയെങ്കിലും, ഇക്വഡോര്‍ എംബസ്സിയുടെ പരമാധികാരത്തില്‍ കൈകടത്തി അസാന്‍ജിനെ അറസ്റ്റ് ചെയ്യുവന്‍ ബ്രിട്ടന് തുനിഞ്ഞിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്വഡോര്‍ ബ്രിട്ടീഷ് ആവശ്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.