ഖഷോഗി വധം; സൗദിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കവുമായി അമേരിക്ക
വാഷിംഗ്ടണ്‍: മാധ്യമ പ്രവര്ത്തകനായ ജമാല് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല് സമ്മര്ദ്ദ തന്ത്രങ്ങള് ഉപയോഗിക്കാനുള്ള ശ്രമവുമായി അമേരിക്ക. കൊലപാതകത്തില് കൂടുതല് കാര്യങ്ങള് ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പറഞ്ഞു. സി.ഐ.എ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്ട്ട് അപൂര്ണമാണെന്നും കൂടുതല് വിവരങ്ങള് ഉടന് പുറത്തുവിടുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മ്മാന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഖഷോഗിയുടെ കൊലയിലേക്ക് നയിച്ച കാരണങ്ങളെന്തെന്നും ആരാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നും നാളെ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
സൗദിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ അമേരിക്ക ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖഷോഗി വധവുമായി ബന്ധപ്പെട്ട് 5 പേരാണ് ഇപ്പോള്‍ സൗദിയില്‍ പിടിയിലായിരിക്കുന്നത്. കുറ്റക്കാരെന്ന് കരുതുന്ന അഞ്ചു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ 21 പേരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 11 പേര്‍ കുറ്റക്കാരാണെന്ന് വ്യക്തമായിരുന്നു. ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദേശിക്കുകയും കൃത്യം നടപ്പാക്കുകയും ചെയ്ത അഞ്ചു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ള പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.