ലാവോസിലെ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു; 600ലേറെ പേരെ കാണാനില്ല
ബാങ്കോക്ക്: ശക്തമായ മഴയെ തുടര്ന്ന് തെക്ക് കിഴക്കന് ലാവോസിലെ ഡാം തകര്ന്ന് 600ലേറെ ആളുകളെ കാണാതായി. കംബോഡിയന് അതിര്ത്തിയിലെ അറ്റാപ്പൂ പ്രവിശ്യയില് ഹൈഡ്രോപവര് പ്രോജക്ടിന്റെ ഭാഗമായി നിര്മ്മിച്ച ഡാമാണ് തകര്ന്നത്. ഷെ-പിയാന് ഷെ നാംനോയി എന്ന് പേരിട്ടിരിക്കുന്ന ഡാമിന്റെ നിര്മ്മാണം പൂര്ത്തിയായിരുന്നില്ല. അപകടത്തില് ആറോളം ഗ്രാമങ്ങള് വെള്ളത്തിനടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. 6000ത്തിലധികം വീടുകള് ഒലിച്ചുപോയിട്ടുണ്ട്. 7500ലധികം വീടുകള്ക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായിട്ടാണ് വിവരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള രക്ഷാപ്രവര്ത്തന സംഘങ്ങള് സ്ഥലത്തെത്തിയിട്ടുണ്ട്.

ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സൗത്ത് കൊറിയന്‍ കമ്പനിയാണ് ഡാം നിര്‍മ്മിച്ചിരുന്നത്. ഡാമിലെ പ്രശ്‌നങ്ങള്‍ രണ്ട് ദിവസം മുന്‍പ് തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ഞൂറ് കോടി ക്യുബിക് മീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. ഡാമിന്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ഗ്രാമങ്ങളെല്ലാം ഡാമില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളത്തില്‍ മുങ്ങി. കാണാതായവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
2013ലാണ് ഡാമിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു ശ്രമം. 770 മീറ്റര്‍ നീളവും 16 മീറ്റര്‍ ഉയരവുമുള്ള അണക്കെട്ടില്‍ നിന്ന് ഏതാണ്ട് 410 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാന്‍ കഴിയുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ഡാമിന്റെ ചില ഭാഗങ്ങളില്‍ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കുന്നു. രണ്ട് ദിവസം മുന്‍പ് ചോര്‍ച്ചയും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 7000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് കരുതുന്നത്.