സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൊക്കയില്‍ വീണ് അമേരിക്കയില് മലയാളി ദമ്പതികള് മരിച്ചു
സെല്ഫിയെടുക്കുന്നതിനിടെ കൊക്കയില് വീണ് അമേരിക്കയില് മലയാളി ദമ്പതികള് മരിച്ചു. തലശേരി, കതിരൂര് സ്വദേശി വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള വിവരം ഇന്ന് പുലര്ച്ചെയാണ് ബന്ധുക്കള് അറിഞ്ഞത്. കതിരൂര് ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്-ഡോ.സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു.
കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ട്രെക്കിങ്ങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മലമുകളില്‍ നിന്ന് ഇരുവരും കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തില്‍ നിന്ന് കണ്ടത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് ഇവര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്.
ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ച ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ മരിച്ച വിവരം എത്തുന്നത്.