മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് കുട്ടി മരിച്ചു; ഓസ്‌ട്രേലിയയില്‍ മലയാളിക്ക് 9 വര്‍ഷം തടവ്

മദ്യലഹരിയില് കാറോടിച്ചുണ്ടായ അപകടത്തില് പതിനഞ്ചുകാരന് കൊല്ലപ്പെട്ട സംഭവത്തില് മലയാളിക്ക് തടവുശിക്ഷ വിധിച്ച് ഓസ്ട്രേലിയന് കോടതി.
 | 
മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് കുട്ടി മരിച്ചു; ഓസ്‌ട്രേലിയയില്‍ മലയാളിക്ക് 9 വര്‍ഷം തടവ്

പെര്‍ത്ത്: മദ്യലഹരിയില്‍ കാറോടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളിക്ക് തടവുശിക്ഷ വിധിച്ച് ഓസ്‌ട്രേലിയന്‍ കോടതി. ബിജു പൗലോസ് എന്ന മലയാളിക്കാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സുപ്രീം കോടതി തടവ് വിധിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം മാത്രമേ ബിജു പൗലോസിന് പരോള്‍ പോലും ലഭിക്കൂ. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും ഏഴ് വര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.

2018 ജൂലൈ 31നാണ് കേസിനാസ്പദമായ അപകടം നടന്നത്. ബിജു ഓടിച്ചിരുന്ന ബിഎംഡബ്ല്യു എസ്.യു.വി മൂന്ന് ആണ്‍കുട്ടികളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. പരിക്കേറ്റ കെയ്ഡന്‍ മക് ലീ എന്ന പതിനഞ്ചുകാരന്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. ബ്ലേക്ക് ഓ നെയില്‍ എന്ന 16 വയസുകാരനും ഒരു പന്ത്രണ്ടുകാരനും രക്ഷപ്പെട്ടു. നിര്‍ത്താതെ പോയ കാര്‍ സമീപത്തുള്ള റോഡില്‍ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

അറസ്റ്റിലായ ബിജു മദ്യലഹരിയിലാണ് കാറോടിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. കോടതിയില്‍ ബിജു കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. തനിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന പേടിയിലാണ് വാഹനം നിര്‍ത്താതെ പോയതെന്ന് ബിജു വാദിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അപകടകരമായും തെറ്റായ വിധത്തിലുമായിരുന്നു ബിജുവിന്റെ ഡ്രൈവിംഗെന്നാണ് കോടതി വിലയിരുത്തിയത്.

മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ നല്‍കിയ സാക്ഷിമൊഴിയും ബിജുവിന് എതിരായിരുന്നു. കുട്ടികള്‍ക്ക് ഒഴിഞ്ഞു മാറാനുള്ള അവസരം പോലും ലഭിച്ചില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.