18 നായ്ക്കള്‍ക്കൊപ്പം താമസിച്ചിരുന്ന 57കാരനെ കാണാനില്ല; നായ്ക്കള്‍ ഭക്ഷിച്ചുവെന്ന് പോലീസ്

ദുരൂഹ സാഹചര്യത്തില് കാണാതായയാളെ വളര്ത്തു നായ്ക്കള് ഭക്ഷിച്ചതായി സംശയം.
 | 
18 നായ്ക്കള്‍ക്കൊപ്പം താമസിച്ചിരുന്ന 57കാരനെ കാണാനില്ല; നായ്ക്കള്‍ ഭക്ഷിച്ചുവെന്ന് പോലീസ്

ടെക്‌സാസ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായയാളെ വളര്‍ത്തു നായ്ക്കള്‍ ഭക്ഷിച്ചതായി സംശയം. ഫ്രെഡി മാക്ക് എന്ന 57 കാരനെയാണ് കാണാതായത്. 18 വളര്‍ത്തുനായ്ക്കളുണ്ടായിരുന്ന ഇയാള്‍ രണ്ടാഴ്ചയിലൊരിക്കലാണ് പുറത്തു പോയിരുന്നത്. ഇയാളെ കാണാതായതോടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വളര്‍ത്തുനായ്ക്കള്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് അന്തിമ സ്ഥിരീകരണത്തില്‍ എത്തിയിട്ടില്ല. ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ ലഭിച്ചിരുന്നു. നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മുടിയുടെയും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും അംശം കണ്ടെത്തിയതോടെയാണ് നായ്ക്കള്‍ ഇയാളെ ഭക്ഷിച്ചിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

നായ്ക്കള്‍ മാക്കിനെ കൊന്നു തിന്നാനുള്ള സാധ്യതയില്ലെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇയാള്‍ മരിച്ചതായിരിക്കാമെന്നും ശവശരീരം നായ്ക്കള്‍ ഭക്ഷണമാക്കിയതാവാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാക്കിനെ കാണാതായതോടെ ബന്ധുക്കള്‍ വീട്ടില്‍ തെരച്ചില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ അക്രമാസക്തരായതിനാല്‍ അതിന് സാധിച്ചില്ല.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്യുകയും ആശുപത്രികളിലും ജയിലുകളിലും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്ന് അസ്ഥിക്കഷണങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണത്തിന്റെ ദിശ മാറിയത്. നായ്ക്കളില്‍ 13 എണ്ണത്തെ പോലീസ് വെടിവെച്ചു കൊന്നു. രണ്ട് നായ്ക്കള്‍ മറ്റുള്ളവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. മൂന്നെണ്ണം ജീവനോടെയുണ്ടെന്നും അവ അത്ര അക്രമാസക്തരല്ലെന്നുമാണ് പോലീസ് അറിയിക്കുന്നത്.