ചെലവുചുരുക്കാന്‍ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തി; ഇന്തോനേഷ്യയില്‍ വോട്ടണ്ണലിനിടെ മരിച്ചത് 272 ഉദ്യോഗസ്ഥര്‍

ദശലക്ഷക്കണക്കിന് ബാലറ്റുകള് എണ്ണിത്തീര്ക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞു വീണ് മരിച്ചവരാണ് അധികവും. ഏപ്രില് 17ന് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. പക്ഷേ ജീവനക്കാരാണ് തെരഞ്ഞെടുപ്പില് ബലിയാടാക്കപ്പെട്ടത്.
 | 
ചെലവുചുരുക്കാന്‍ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തി; ഇന്തോനേഷ്യയില്‍ വോട്ടണ്ണലിനിടെ മരിച്ചത് 272 ഉദ്യോഗസ്ഥര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 270ലേറെ ഉദ്യോഗസ്ഥര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിപക്ഷവും വോട്ടെണ്ണലിനിടെയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മണിക്കൂറുകളോളം നീണ്ട വോട്ടെണ്ണലില്‍ ദശലക്ഷക്കണക്കിന് ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞു വീണ് മരിച്ചവരാണ് അധികവും. ഏപ്രില്‍ 17ന് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. പക്ഷേ ജീവനക്കാരാണ് തെരഞ്ഞെടുപ്പില്‍ ബലിയാടാക്കപ്പെട്ടത്.

ചെലവു കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പും ദേശീയ പാര്‍ലമെന്റിലേക്കും പ്രാദേശിക നിയമനിര്‍മാണ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളും ഒരു ദിവസമാക്കിയത്. 193 ദശലക്ഷം വോട്ടര്‍മാരില്‍ 80 ശതമാനവും വോട്ട് ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 8 ലക്ഷം പോളിംഗ് ബൂത്തുകളിലായി നടന്ന പോളിംഗില്‍ ഓരോ വോട്ടറും 5 ബാലറ്റുകളില്‍ വീതം വോട്ട് രേഖപ്പെടുത്തണമായിരുന്നു. കിഴക്കു മുതല്‍ പടിഞ്ഞാറു വരെ 5000 കിലോമീറ്ററിലേറെ നീളത്തില്‍ പരന്നു കിടക്കുന്ന രാജ്യത്ത് പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് നടത്തിയ പോളിംഗ് തന്നെ ശ്രമകരമായിരുന്നു.

എന്നാല്‍ വോട്ടെണ്ണലായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായത്. വോട്ടെണ്ണലിനിടെയുണ്ടായ അസ്വസ്ഥതകള്‍ മൂലം 272 ഉദ്യോഗസ്ഥര്‍ മരിച്ചു. 1878 പേര്‍ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് ജനറല്‍ ഇലക്ഷന്‍ കമ്മീഷന്‍ വക്താവ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിചരണം നല്‍കണമെന്ന് ഏപ്രില്‍ 23ന് ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കങ്ങള്‍ ധനകാര്യ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി അന്തിമ ഫലങ്ങള്‍ പ്രഖ്യാപിക്കണമെങ്കില്‍ മെയ് 22 വരെ കാത്തിരിക്കണമെന്നാണ് കമ്മീഷന്‍ അറിയിക്കുന്നത്.