പ്രതിഷേധങ്ങള്‍ ഫലം കണ്ടു; 16കാരനെ തൂക്കിലേറ്റില്ലെന്ന് സൗദിയുടെ സ്ഥിരീകരണം
ജിദ്ദ: വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ പതിനാറുകാരനെ തൂക്കിലേറ്റില്ലെന്ന് സൗദി അറേബ്യ ഉറപ്പുനല്‍കി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ആംനെസ്റ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച തടവിലാക്കപ്പെട്ട 16കാരന് മുര്‍താസയെ വിട്ടയക്കില്ലെന്നായിരുന്നു സൗദിയുടെ നിലപാട്. വിഷയത്തില്‍ സൗദിക്ക് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമുയര്‍ന്നിരുന്നു.
അറബ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 2014ലാണ് മുര്‍താസ ഉള്‍പ്പെടെ 50ലധികം പേര് അറസ്റ്റിലാകുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തിന്റെ പേരില്‍ 37 പേരെ അന്ന് വധശിക്ഷയ്ക്ക് വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത മുര്‍ത്താസയ്ക്ക് ആദ്യഘട്ടത്തില്‍ 12 വര്‍ഷം ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് വധശിക്ഷയാക്കി മാറ്റുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു അറബ് വസന്തം എന്ന് പേരിട്ട ഭരണകൂട വിരുദ്ധ പോരാട്ടത്തില്‍ മുര്‍ത്താസ പങ്കെടുത്തത്.
മുര്‍ത്താസ അറസ്റ്റിലാകുന്ന സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ കുറ്റവാളിയായിരുന്നു അദ്ദേഹം. വധശിക്ഷ നടപ്പിലാക്കില്ലെന്ന് സ്ഥിരീകരിച്ചതോടെ മുര്‍ത്താസയുടെ മോചനം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ മുര്‍ത്താസയെ വിട്ടയക്കുമെന്നാണ് സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.