ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

മ്യാന്മറിന്റെ സംസ്കാരത്തിന് യോജിക്കുന്നതല്ല നാങ് മ്യൂ സാന് ചെയ്ത നടപടിയെന്നും ഡോക്ടറായി ഇവരെ നിലനിര്ത്തേണ്ടതില്ലെന്നും സര്ക്കാര് പുറത്തിറക്കിയ ഉത്തരവില് വ്യക്തമാക്കുന്നു.
 | 
ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

യാങ്കൂണ്‍: ബിക്കിനിയണിഞ്ഞ് ഫോട്ടോ പോസ്റ്റ് ചെയ്ത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി. മ്യാന്‍മര്‍ സ്വദേശിയായ നാങ് മ്യൂ സാന്‍ എന്ന യുവ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് മോഡല്‍ കൂടിയായ നാങ് മ്യൂ സാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മ്യാന്‍മറിന്റെ സംസ്‌കാരത്തിന് യോജിക്കുന്നതല്ല നാങ് മ്യൂ സാന്‍ ചെയ്ത നടപടിയെന്നും ഡോക്ടറായി ഇവരെ നിലനിര്‍ത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മ്യാന്‍മര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും നാങ് മ്യൂ സാന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വാദം.

ഡോക്ടര്‍ പോലെ തന്നെ മോഡലിംഗും തന്റെ തൊഴിലാണെന്നും സര്‍ക്കാരിന്റെ നടപടി അധാര്‍മികമാണെന്നും നാങ് മ്യൂ സാന്‍ പ്രതികരിച്ചു. വിഷയത്തില്‍ നാങ് മ്യൂ സാന്‍ നടത്തുന്ന നിയമയുദ്ധത്തിന് ഫെമിനിസ്റ്റ് സംഘടനകളുടെയും പിന്തുണയുണ്ട്. നാങ് മ്യൂ സാന്‍ ഫെയിസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ അവര്‍ക്കെതിരെ സദാചാര ആക്രമണവും നടന്നിരുന്നു.

മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നിലെ കൂടുതല്‍ കാരണങ്ങളൊന്നും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിശദീകരണം.