ബഹിരാകാശത്ത് ആദ്യത്തെ കുറ്റകൃത്യം; അന്വേഷണത്തിന് ഒരുങ്ങി നാസ

ബഹിരാകാശത്ത് വെച്ച് നടന്ന ആദ്യത്തെ കുറ്റകൃത്യത്തില് നാസ അന്വേഷണം നടത്തുന്നു.
 | 
ബഹിരാകാശത്ത് ആദ്യത്തെ കുറ്റകൃത്യം; അന്വേഷണത്തിന് ഒരുങ്ങി നാസ

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് വെച്ച് നടന്ന ആദ്യത്തെ കുറ്റകൃത്യത്തില്‍ നാസ അന്വേഷണം നടത്തുന്നു. നാസയുടെ ബഹിരാകാശ യാത്രികയായ ആന്‍ മക് ക്ലെയിനെതിരെയാണ് അന്വേഷണം. ആന്‍ മക് ക്ലെയിന്റെ പങ്കാളിയായിരുന്ന സമ്മര്‍ വേര്‍ഡന്റെ വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് ഇരുവരുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്തിയെന്നാണ് കേസ്. അനുവാദമില്ലാതെ അക്കൗണ്ട് ഉപയോഗിച്ചതിനെതിരെ സമ്മര്‍ വേര്‍ഡന്‍ ആനിനെതിരെ ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. വേര്‍ഡന്റെ കുടുംബം നാസയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസിലും പരാതി നല്‍കിയിരിക്കുകയാണ്.

ആന്‍ മക് ക്ലെയിനും സമ്മര്‍ വേര്‍ഡനും വിവാഹം കഴിച്ചിരുന്നുവെങ്കിലും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടെ ആറ് മാസത്തെ ബഹിരാകാശ ദൗത്യത്തിന് പുറപ്പെട്ട ആന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സമയത്ത് തന്റെ ബാങ്ക് അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്തിയെന്നാണ് സമ്മര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ അക്കൗണ്ട് പരിശോധിക്കുക മാത്രമാണ് ആന്‍ ചെയ്തതെന്നും അവര്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ആനിന്റെ അഭിഭാഷകന്‍ പറഞ്ഞുവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുമിച്ച് കഴിയുമ്പോള്‍ ചെയ്തിരുന്ന കാര്യമാണ് ഇതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

നാസ ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്ത്രീകളുമായും നാസയുടെ അന്വേഷണ സംഘം ബന്ധപ്പെട്ടു. കഴിഞ്ഞ ജൂണിലാണ് ആന്‍ ബഹിരാകാശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയത്. സ്ത്രീകള്‍ മാത്രം നടത്തിയ ബഹിരാകാശ നടത്തത്തില്‍ പങ്കാളികളായ രണ്ട് പേരില്‍ ഒരാള്‍ എന്ന നേട്ടം സ്വന്തമാക്കിയ ആസ്‌ട്രോനോട്ട് ആണ് ആന്‍.