നിക്കി മിനാഷിന്റെ വേഷം വിവാദമായി; സൗദിയില്‍ നടക്കാനിരുന്ന സംഗീത പരിപാടി റദ്ദാക്കി
ജിദ്ദ: റാപ് സംഗീത താരം നിക്കി മിനാഷിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. നിക്കി മിനാഷിന്റെ വേഷവും അവര്‍ ഉപയോഗിക്കുന്ന വരികളും വിവാദമായതിനെ തുടര്‍ന്നാണ് സംഗീത പരിപാടി ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതതരായത്. ഈ മാസം 18ന് ജിദ്ദ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു പരിപാടി നിശ്ചയിക്കപ്പെട്ടിരുന്നത്.
സൗദിയിലെ പുതിയ പരിഷ്‌കാരങ്ങള്‍ ലോകശ്രദ്ധ നേടുന്നതിനിടെയാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. നിക്കി മിനാഷിന്റെ വസ്ത്രധാരണവും സംഗീതവും അറബ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് പ്രധാന വിവാദം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഗീത പരിപാടിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ സംഗീത പരിപാടി ഉപേക്ഷിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കുകയായിരുന്നു.
അതേസമയം ജിദ്ദ വേള്ഡ് ഫെസ്റ്റില് നിശ്ചയിച്ചിരിക്കുന്ന മറ്റു പരിപാടികള് മാറ്റമില്ലാതെ നടക്കുമെന്നും സംഘാടകര് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പരിപാടി റദ്ദാക്കണമെന്ന് നിക്കി മിനാഷിനോട് സൗദി സാംസ്‌കാരിക പ്രവര്‍ത്തകര്‍ അപേക്ഷിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന.