നീരവ് മോഡിയെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു; ഇന്ത്യക്ക് കൈമാറിയേക്കും!
ലണ്ടന്‍: പഞ്ചാബ് നാഷണല് ബാങ്കില് നിന്നും കോടികള് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില് അറസ്റ്റില്. വെസ്റ്റ്മിന്സ്റ്റര് കോടതി കഴിഞ്ഞ ദിവസം നീരവിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്ട്ടുകള്. എന്നാല് ഇക്കാര്യത്തില് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്നാണ് നീരവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോടതിയില്‍ നിന്ന് നീരവ് മോഡിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ എന്‍ഫോഴ്സ്മെന്റിന് അനുവാദം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പ്രതികൂലമായ വിധിയുണ്ടായാല്‍ നീരവ് മോഡിക്ക് അപ്പീല്‍ പോകാന്‍ സാധിക്കും. യു.കെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദുമായി എന്‍ഫോഴ്സ്മെന്റ് ധാരണപത്രം ഒപ്പുവെച്ചതായിട്ടാണ് സൂചന. അങ്ങനെയാണെങ്കില്‍ നീരവിനെ ഉടന്‍ ഇന്ത്യയിലെത്തിക്കും.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും. സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ഉണ്ടായതോടെ ഇരുവരും രാജ്യം വിട്ടു. യു.കെയില്‍ രാഷ്ട്രീയ അഭയം തേടാനുള്ള ശ്രമങ്ങള്‍ നീരവ് നടത്തുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം.