യമനിലെ ഹുതി വിമതരെ നേരിടാന്‍ സൗദിക്കൊപ്പം അണിചേരും; തീരുമാനമുറപ്പിച്ച് യു.എ.ഇ

അല് ഖാഇദ, ഇസ്ലാമിക് സേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി സന്ധിയില്ലാതെ പോരാട്ടം തുടരുമെന്ന് അറബ് സഖ്യസേനാ തലവന് നിലപാട് വ്യക്തമാക്കിയിരുന്നു.
 | 
യമനിലെ ഹുതി വിമതരെ നേരിടാന്‍ സൗദിക്കൊപ്പം അണിചേരും; തീരുമാനമുറപ്പിച്ച് യു.എ.ഇ

അബുദാബി: യമനില്‍ നടക്കുന്ന ഹുതി വിമത വിരുദ്ധ പോരാട്ടത്തില്‍ സൗദി അറേബ്യയ്‌ക്കൊപ്പമെന്ന് യു.എ.ഇ. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് സൗദി നടത്തുന്നത്. ഇതിന് പൂര്‍ണമായും പിന്തുണ നല്‍കും. സൈന്യത്തെ പുനര്‍വിന്യസിക്കുമെന്നും തങ്ങളുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ സൗദിക്കെതിരെ ഹുതി ഡ്രോണ്‍ ആക്രമണം ശക്തമാക്കിയിരുന്നു.

യമനില്‍ നിലവില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെയും പിന്തുണയ്ക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ രാഷ്ട്രീയ നീക്കങ്ങള്‍ക്കും പിന്തുണ നല്‍കും യു.എ.ഇ സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു. നേരത്തെ യമനില്‍ സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെ സൗദി വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി ഹുതി ഡ്രോണുകള്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ച നടന്ന ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും മലയാളി ഉള്‍പ്പെടെ 25ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഞ്ച് വര്‍ഷമായി യമനില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനായി പ്രയത്‌നിക്കുന്ന സൗദി സഖ്യസേനയുടെ ഭാഗമാണ് യുഎഇ. അല്‍ ഖാഇദ, ഇസ്ലാമിക് സേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി സന്ധിയില്ലാതെ പോരാട്ടം തുടരുമെന്ന് അറബ് സഖ്യസേനാ തലവന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരര്‍ക്ക് പണവും വിഭവങ്ങളും എത്തുന്നത് തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും സഖ്യസേനയുടെ വ്ക്താവ് അവകാശപ്പെട്ടു.